ബി ടൗണിൽ തെന്നിന്ത്യൻ നായികമാർക്ക് പ്രിയം ഷാരൂഖ് ഖാന്റെ നായിക സാമന്ത
സൽമാൻ ഖാനൊപ്പം രശ്മിക മന്ദാന
ഷാരൂഖ് ഖാന്റെ നായികയായി സാമന്ത. നയൻതാരയ്ക്ക് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ നായികയോടൊപ്പം ഷാരൂഖ് ഖാൻ അഭിനയിക്കുന്ന ചിത്രം ബോളിവുഡിലെ ഹിറ്റ് സംവിധായകൻ രാജ് കുമാർ ഹിറാനിയാണ് ഒരുക്കുന്നത്.പൂർണമായും ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഡങ്കിക്കുശേഷം ഷാരൂഖ് ഖാനും രാജ് കുമാർ ഹിറാനിയും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞവർഷത്തെ ബ്ളോക് ബസ്റ്റർ ചിത്രമായ ഡങ്കി ആഗോളതലത്തിൽ 400 കോടിയാണ് വാരിയത്. ഇന്ത്യയിൽനിന്ന് മാത്രം 206 കോടി നേടി എന്നാണ് റിപ്പോർട്ട്. ഹിന്ദിയിൽ ദ ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ എന്നീ വെബ് സീരിസിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഹിന്ദി ചിത്രത്തിൽ സാമന്ത ആദ്യമാണ്. ഷാരൂഖിന്റെ നായികയായി ജവാൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. തമിഴ് സംവിധായകൻ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്രമായിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ മറ്റൊരു ബ്ളോക്ക് ബസ്റ്ററാണ് ജവാൻ. ഇതിനുശേഷം തെന്നിന്ത്യൻ നായികമാർക്ക് ബോളിവുഡിൽ പ്രിയം ഏറുകയാണ് ഉണ്ടായത്. സൽമാൻ ഖാൻ നായകനാവുന്ന സിക്കന്ദർ എന്ന ചിത്രത്തിൽ രശ്മിക മന്ദാന ആണ് നായിക. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം ചിത്രീകരണ ഘട്ടത്തിലാണ്.
മുരുഗദോസും സൽമാൻ ഖാനും ആദ്യമായി ഒരുമിക്കുന്ന ചിത്രവും ആക്ഷൻ ഗണത്തിൽ ഇടുന്നു.അനിമൽ എന്ന രൺബീർ സിംഗ് ചിത്രത്തിലൂടെയാണ് ബോളിവുഡിൽ രശ്മികയുടെ ഭാഗ്യം തെളിയുന്നത്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ്ബൈ ആണ് രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം.