നാടകത്തിലേയ്ക്ക് രേണു സുധി

Monday 24 June 2024 12:43 AM IST

കോട്ടയം : ഹാസ്യതാരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ചായമിടുകയാണ്, നാടകത്തിനായി. സുധിയുടെ അപ്രതീക്ഷിത മരണമേൽപ്പിച്ച ശൂന്യത പൊള്ളിക്കുമ്പോഴും രേണുവിന്റെ തിരിച്ചുവരവിനെ എല്ലാവരും കൈയടികളോടെയാണ് സ്വീകരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ രേണു കൊച്ചിൻ സംഗമിത്രയുടെ നാടകം 'ഇരട്ടനഗര'ത്തിൽ കോളേജ് വിദ്യാർത്ഥിനിയായാണ് വേഷമിടുന്നത്. ആൽബത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രൊഫഷണൽ നാടകത്തിൽ അഭിനയിക്കുന്നത്. റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ആഗസ്റ്റ് ആദ്യവാരം നാടകം പ്രദർശനത്തിന് എത്തും. കുട്ടിക്കാലത്ത് നാടകങ്ങളിൽ അഭിനയിച്ച പരിചയമാണ് കൈമുതൽ. നൃത്തവും ഇഷ്ടമാണ്. സുധിക്കായുള്ള വീട് ഒരുങ്ങുന്നുണ്ട്. വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ -കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞു.