ജീവനിൽ കൊതിയുള്ളവർ ഇവിടെ കാത്തിരിക്കില്ല...

Monday 24 June 2024 12:44 AM IST

പൊൻകുന്നം : ഒരു മഴ പെയ്താൽ എവിടെയൊന്ന് കയറിനിൽക്കും. ഇളങ്ങുളം പള്ളിക്കവലയിലെ കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കാമെന്ന് വച്ചാൽ അല്പം റിസ്‌ക്കാണ്. ഷീറ്റും, കമ്പികളും ഒരുവശത്തേക്ക് ഇളകി മാറി കിടക്കുന്നു. ഏത് നിമിഷവും മുഴുവനായി നിലംപതിക്കാം. പിന്നെ പറയേണ്ടല്ലോ... ജീവനിൽ കൊതിയുള്ളവർ ആരും ഇവിടെ ബസ് കാത്തുനിൽക്കില്ല. കഴിഞ്ഞ നവംബറിൽ വാഹനമിടിച്ച് തകർന്നതാണ്. പുനർനിർമ്മിക്കാൻ അധികൃതർക്കൊട്ട് താത്പര്യവുമില്ല. അപകടഭീഷണി ഉയർത്തി നിൽക്കുന്ന അവശിഷ്ടങ്ങളെങ്കിലും ഒന്ന് നീക്കം ചെയ്താൽ കുടചൂടിയെങ്കിലും ഇവിടെ നിൽക്കാമല്ലോയെന്നാണ് യാത്രക്കാർ പറയുന്നത്. അതും സമീപത്തെ എൽ.പി സ്‌കൂൾ മതിലിന് മുകളിലേക്കാണ് ഇവ ചാഞ്ഞുകിടക്കുന്നത്. അക്ഷരമുറ്റത്ത് പോലും കുട്ടികൾക്ക് ഭീതിയോടെയല്ലാതെ നടക്കാനാകില്ല. സ്‌കൂൾ അധികൃതർ ഇതുസംബന്ധിച്ച് പഞ്ചായത്തിലും, പൊലീസിലും പരാതിപ്പെട്ടിട്ടും പരിഹാരം അകലെയാണ്.

മറുവശത്തും അപകട കാത്തിരിപ്പ്

എതിർവശത്ത് പൊൻകുന്നം ഭാഗത്തേക്ക് യാത്രക്കാർ കാത്തിരിക്കുന്ന ഷെഡും അപകടാവസ്ഥയിലാണ്. ഇരിപ്പിടമായി ഉപയോഗിക്കുന്ന സ്റ്റീൽ പൈപ്പിന്റെ വെൽഡിംഗ് തകർന്ന് ഇളകിയ നിലയിലാണ്. ഇരിക്കുന്നവർ വീണ് പരിക്കേൽക്കാത്തത് ഭാഗ്യം കൊണ്ട് മാത്രം. പാലാ പൊൻകുന്നം സംസ്ഥാനപാതയിൽ രണ്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് ഭീഷണിയായിട്ടും പൊതുമരാമത്ത് വകുപ്പ് ഉറക്കത്തിലാണ്. ഇളങ്ങുളം പള്ളി, എൽ.പി സ്‌കൂൾ, ഹൈസ്‌കൂൾ, മൃഗാശുപത്രി, ആയുർവേദാശുപത്രി എന്നിവയുള്ള കവലയിൽ സദാസമയം യാത്രക്കാരുടെ തിരക്കാണ്. വാഹനഉടമയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയിട്ടും എന്തേ പുതിയത് നിർമ്മിക്കാത്തതെന്നാണ് നാട്ടുകാരുടെ ചോദ്യം.

''ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപാതയിൽ യാത്രക്കാർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണം. സ്‌കൂളുകൾ പ്രവർത്തിക്കുന്ന കവലയിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ സംവിധാനവും സ്ഥാപിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.

-ശശിധരൻ, പ്രദേശവാസി

തകർന്നത് : 2 കാത്തിരുപ്പുകേന്ദ്രം