അരുവിക്കുഴി വെള്ളച്ചാട്ടം കാണാൻ തിരക്ക്. മനം നിറയും,​ കുളിരണിയും

Monday 24 June 2024 12:44 AM IST

കോട്ടയം : പാറക്കെട്ടുകളെ വകഞ്ഞുമാറ്റി തട്ടുതട്ടുകളായി പാൽനുരപോലെ നൂറടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. കോട്ടയത്ത് നിന്ന് 18 കിലോമീറ്റർ മാറിയാണ് ഈ വിസ്മയ വെള്ളച്ചാട്ടം. റബർ തോട്ടങ്ങൾക്കും, വൻമരങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ പ്രകൃതിഭംഗിയും ആവോളമാണ്. തുടർച്ചയായി പെയ്യുന്ന മഴ കാരണം വെള്ളച്ചാട്ടത്തിനും ഭംഗിയേറി. ഹൃദ്യമായ കാലാവസ്ഥയും എപ്പോഴും വീശുന്ന കുളിർമയുള്ള കാറ്റും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി അരുവിക്കുഴിയെ മാറ്റുകയാണ്. ജൂൺ, ജൂലായ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക്. അടിസ്ഥാന സൗകര്യങ്ങളും സ്റ്റേജുകളും ക്വാർട്ടേഴ്‌സ് മാതൃകയിലുള്ള കെട്ടിടങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. പച്ചപ്പും, തണുപ്പ് നിറഞ്ഞതുമായ കാലാവസ്ഥയുമാണ് പ്രധാന ആകർഷണം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. ഇവിടെയെത്തുന്നവർ കുറച്ചകലെയുള്ള അരീപ്പറമ്പിലെ ഒരപ്പാൻ കുഴി വെള്ളച്ചാട്ടവും ആസ്വദിച്ചാണ് മടങ്ങുന്നത്. മീൻ പിടിയ്ക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. ചെറിയ വെള്ളച്ചാട്ടമായതിനാൽ അപകടസാദ്ധ്യതയും കുറവാണ്.

കാഴ്ചകളുടെ പറുദീസ

അരുവിയിലെ വിവിധ വലുപ്പത്തിലുള്ള പാറക്കല്ലുകളും വെള്ളത്തിലെ മരത്തടികളുമാണ് സഞ്ചാരികളുടെ മറ്റൊരു പ്രധാന ഇടം. ഫോട്ടോ എടുക്കുന്നതിനും കല്ലുകളിൽ കൂട്ടമായി ഇരുന്ന് സൊറ പറയുന്നതിനും പാറക്കല്ലുകളും അരുവിയ്ക്ക് കുറുകെ കിടക്കുന്ന മരത്തടികളും സഞ്ചാരികൾ ഉപയോഗിക്കുന്നു. നീരൊഴുക്ക് കുറവായതിനാൽ പാറക്കല്ലുകളിൽ ചവിട്ടി വെള്ളത്തിൽ ഇറങ്ങുന്നതിനും സാധിക്കും. സേവ് ദ ഡേറ്റ്, ന്യൂജെൻ ഫോട്ടോഷൂട്ട് എന്നിവയ്ക്കായി നിരവധിപ്പേർ എത്തുന്നുണ്ട്. തൂക്കുപാലത്തിനു സമാനമായ പാലത്തിന് മദ്ധ്യഭാഗത്തു നിന്ന് വെള്ളച്ചാട്ടം പൂർണ്ണമായും കാണാനാകും.

പ്രവേശനഫീസ് : 26 രൂപ

ആകർഷിക്കുന്നത് ഇവ
പ്രവേശനകവാടത്തിലെ പടികൾ
അരുവിയ്ക്ക് കുറുകെയുള്ള പാലം
വെള്ളത്തിലെ മരത്തടികൾ

Advertisement
Advertisement