കാൽ നൂറ്റാണ്ട് പിന്നിട്ട് ഭരതന്റെ ഓർമ്മ : പ്രഖ്യാപനങ്ങളെയും തെളിച്ച് വരുമോ ഈ വഴി ?

Sunday 23 June 2024 9:01 PM IST

വടക്കാഞ്ചേരി : മലയാള ചലച്ചിത്ര രംഗത്ത് വിസ്മയങ്ങൾ സൃഷ്ടിച്ച സംവിധായകൻ കെ.പി.ഭരതന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ജന്മനാട് അദ്ദേഹത്തിന്റെ സ്മരണയ്ക്ക് സമ്മാനിക്കുന്നത് അവഗണന മാത്രം. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് പരിസരത്ത് നിന്ന് കല്ലംകുണ്ട് വഴി ഭരതന്റെ വീട്ടിലേക്ക് നീളുന്ന ഇടവഴിക്കൊരു പേരുണ്ട്. ഭരതൻ റോഡ്. റോഡിന്റെ തുടക്കത്തിൽ പഴയ റെയിൽവേ ഗേറ്റ് പരിസരത്ത് സൂചനാ ബോർഡ് പോലും ഇന്ന് തകർന്ന് കാട്ടുപൊന്തയിൽ കിടപ്പാണ്. അതൊന്ന് പുന:സ്ഥാപിക്കാൻ പോലും നഗരസഭയ്ക്ക് താല്പര്യമില്ല.

1998 ജൂലായ് 30നാണ് ഭരതൻ ഓർമ്മയായത്. അന്നുമുതൽ ഭരണകൂടങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഭരത സ്മരണയ്ക്ക് ഒരു സ്മാരകം.

ആ പ്രഖ്യാപനങ്ങളേ ഓർമ്മയായി. നടൻ സുരേഷ് ഗോപി രാജ്യസഭാ എം.പിയായിരിക്കേ സ്മാരകമായി ടൗൺ ഹാൾ നിർമ്മിക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. ഭരതന്റെ പത്‌നി കെ.പി.എ.സി ലളിത, സംഗീത നാടക അക്കാഡമി ചെയർപേഴ്‌സണായിരിക്കേ ഓർമ്മയ്ക്കായി എന്തെങ്കിലുമൊക്കെ വടക്കാഞ്ചേരിയിൽ വരുമെന്ന് പ്രതീക്ഷിച്ചു. ജന്മനാട്ടിൽ ഭരതന് ഒരു സ്മാരകം ലളിതയുടെ വലിയ സ്വപ്നമായിരുന്നു. അതിനായി മുട്ടാത്ത വാതിലില്ല. വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനം അധികാരത്തിലിരിക്കുമ്പോഴും നിരാശയായിരുന്നു ഫലം. പോരാട്ടം നയിച്ച ലളിത പോയി. സ്വന്തം പേരിൽ പോലും സ്മാരകങ്ങൾ തീർക്കാനാകാതെ.

കേന്ദ്രമന്ത്രി ഓർക്കുന്നുവോ ആ സ്മാരകം

വർഷങ്ങൾക്ക് മുമ്പ് കേരള വർമ്മ പൊതുവായന ശാലയിലെ ഭരതൻ സ്മൃതിയിൽ നടി കെ.പി.എ.സി ലളിത പ്രസംഗിക്കുന്നു. ഒരു ഫോൺകോൾ വന്നതോടെ അതിരറ്റ സന്തോഷം. സുരേഷ് ഗോപി എം.പിയാണ് അങ്ങേ തലയ്ക്കൽ. ലളിത സന്തോഷം കൊണ്ട് ലളിത വീർപ്പുമുട്ടി. ഞാനിത് പ്രഖ്യാപിച്ചോട്ടെയെന്നായി ലളിത. "ഭരതൻ സ്മാരകത്തിന് സുരേഷ് ഗോപി എം.പിയുടെ ഒരു കോടി നൽകും" പ്രഖ്യാപനം കേട്ടതോടെ കരഘോഷം ഉയർന്നു. പക്ഷേ സ്മാരക നിർമ്മാണത്തിന് സ്ഥലം വിട്ടു നൽകാൻ നഗരസഭയ്ക്കായില്ല. ഇപ്പോൾ സുരേഷ് ഗോപി തൃശൂർ എം.പിയായി, കേന്ദ്ര മന്ത്രിയായി. പക്ഷേ സ്മാരകം മാത്രമായില്ല. ഇനി ജൂലായ് 30ന് അനുസ്മരണ സമ്മേളനങ്ങളാണ്. ഭരതൻ ചിന്തകളും സ്മൃതികളും വാഴ്ത്തുപാട്ടുകളുമാണ്. പിന്നെയും വാർഷികം വരും. പ്രഖ്യാപനങ്ങളും.

Advertisement
Advertisement