കേളുവിന്റെ സത്യപ്രതിജ്ഞയ്‌ക്ക് നാടൊന്നാകെ തലസ്ഥാനത്ത്

Monday 24 June 2024 1:01 AM IST

തിരുവനന്തപുരം: വയനാട്ടിൽ നിന്ന് മന്ത്രിയാകുന്ന ആദ്യ സി.പി.എം നേതാവായ ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാൻ കുടുംബാംഗങ്ങളും ബന്ധുക്കളും പാർട്ടി പ്രവർത്തകരുമുൾപ്പെടെ നാട് മുഴുവൻ തലസ്ഥാനത്തെത്തിയിരുന്നു. ഭാര്യ ശാന്ത,​ മക്കളായ മിഥുന,​ ഭാവന,​ പിതാവ് രാമൻ,​ സഹോദരങ്ങളായ ഒ.ആർ. രവി,​ ലീല,​ ഒ.ആർ. ചന്ദ്രൻ തുടങ്ങിയവർ സ്വകാര്യ വാഹനത്തിൽ ശനിയാഴ്ച രാത്രി തലസ്ഥാനത്തെത്തി. അടുത്ത ബന്ധുക്കളായ 28 അംഗ സംഘം മറ്റൊരു വാഹനത്തിലുമെത്തി.

സി.പി.എം ജില്ലാ, പ്രാദേശിക നേതാക്കളും സുഹൃത്തുക്കളുമുൾപ്പെടെ 200 പേരുമെത്തി. ഇന്നലെ വൈകിട്ട് 3.30ന് രാജ്ഭവൻ ഓഡിറ്റോറിയത്തിലേക്ക് കേളുവിന്റെ കുടുംബാംഗങ്ങളെ ഉദ്യോഗസ്ഥർ ആനയിച്ചിരുത്തി. ഗവർണറും മുഖ്യമന്ത്രിയും എത്തും മുമ്പ് നിയുക്ത മന്ത്രി ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും ഹസ്‌തദാനം ചെയ്തു.

അതിനിടെ എത്തിയ സ്‌പീക്കർ എ.എൻ. ഷംസീറും വയനാട്ടിൽ നിന്നുള്ള അതിഥികളെ ഇരിപ്പിടങ്ങളിൽ ചെന്ന് സൗഹൃദം പങ്കിട്ടു. മന്ത്രിമാരും മറ്റ് ജനപ്രതിനിധകളും വന്നുകൊണ്ടിരുന്നു. വയനാട് കളക്ടർ രേണുരാജ്, മുൻ സബ് കളക്ടർ ശ്രീലക്ഷ്മി, ജില്ലയിൽ പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.

 സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാമെത്തി

സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ നേതൃത്വത്തിൽ മുഴുവൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ഏരിയ സെക്രട്ടറിമാരും സന്നിഹിതരായി. കേളുവിന്റെ ജന്മദേശമായ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഓലഞ്ചേരി ഗ്രാമത്തിൽ നിന്നുള്ളവരുമെത്തി. സത്യപ്രതിജ്ഞയ്ക്കും തുടർന്നുള്ള ചായസൽക്കാരത്തിനും ശേഷം ടൂറിസം വകുപ്പ് താത്കാലികമായി അനുവദിച്ച ഔദ്യോഗിക വാഹനത്തിൽ സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിലെ ഓഫീസിലേക്കാണ് മന്ത്രി പോയത്. ഓഫീസിലെത്തി ചുമതലയേറ്റ ശേഷം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥമേധാവികളുടെ യോഗത്തിലും പങ്കെടുത്തു.

Advertisement
Advertisement