ചായസത്കാരത്തിൽ കൈകൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

Monday 24 June 2024 1:28 AM IST

തിരുവനന്തപുരം: ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഖാമുഖം നോക്കിയില്ലെങ്കിലും പിന്നാലെ നടന്ന ചായസത്കാരത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കിട്ടു. പ്രതിപക്ഷ സാന്നിദ്ധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി.

മുഖ്യമന്ത്രിക്ക് പുറമെ നല്ലൊരു പങ്ക് മന്ത്രിമാരും ചടങ്ങിനെത്തി. വേദിയിൽ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഗൗരവത്തിലായിരുന്നു. അടുത്തിരുന്ന മുഖ്യമന്ത്രിയെ നോക്കാൻ പോലും തയ്യാറായില്ല. ഇപ്പോഴും മഞ്ഞുരുകിയിട്ടില്ലെന്ന ധാരണ ചടങ്ങിനെത്തിയ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുണ്ടായി.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒ.ആർ. കേളു ഗവർണർക്ക് ഹസ്തദാനം നൽകി. അതു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകാൻ ഗവർണർ കേളുവിനോട് ആംഗ്യം കാട്ടി. പിന്നീട് ചായസത്കാരത്തിന് എത്തിയപ്പോൾ അടുത്തു നിന്ന മുഖ്യമന്ത്രിക്ക് നേരെ ഗവർണർ കൈ നീട്ടുകയും ഹസ്താദനം ചെയ്യുകയുമായിരുന്നു. കേളുവിന്റെ ബന്ധുക്കൾക്കൊപ്പം ഇരുവരും ഫോട്ടോയ്ക്ക് പോസും ചെയ്തു. പ്രതിപക്ഷ നേതാവ് വി.‌ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ചടങ്ങിൽ ആദ്യവസാനം പങ്കെടുത്തു.