ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി തട്ടിയ സംഭവത്തിൽ അന്വേഷണം തുടങ്ങി

Monday 24 June 2024 12:39 AM IST

ചേർത്തല: ഓഹരിവിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്ന് 7.65 കോടി തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഗുജറാത്ത് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും അന്വേഷണം.

ഇൻവെസ്‌കോ,കാപ്പിറ്റൽ,ഗോൾ ഡിമാൻസ് സാക്സ് എന്നീകമ്പനികളുടെ അധികാരികളെന്ന വ്യാജേനയാണ് രേഖകൾ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടർ ദമ്പതികളെ തട്ടിപ്പിൽ കുടുക്കിയത്. രണ്ടുമാസത്തിനിടെയാണ് ദമ്പതികൾ സംഘത്തിനു ഇത്രയും തുകകൈമാറിയത്. ഇടപാടുകളെല്ലാം സാമ്പത്തിക വിദഗ്ദ്ധന്റെയും ഓഹരിവിപണി വിദഗ്ദ്ധന്റെയും സാന്നിദ്ധ്യത്തിൽ പൊലീസ് ഇന്നു മുതൽ ബാങ്കുകളിൽ പരിശോധന നടത്തും. തുടർന്ന് ഗുജറാത്തിലേക്ക് തിരിക്കും. ട്രാൻസ്ഫർചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളാണ് വിശദമായി പരിശോധിക്കുന്നത്. മലയാളികളുടെ ഇടപെടൽ തട്ടിപ്പിന് പിന്നിലുണ്ടോയെന്ന വിവരവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടർമാർക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചു നൽകി ഗ്രൂപ്പിൽ ചേർത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം കൈമാറിയിരുന്നത്. സംസ്ഥാനത്ത് സമാനമായി നടന്ന തട്ടിപ്പുകളുടെ അന്വേഷണവുമായി യോജിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

Advertisement
Advertisement