പുഷ്‌പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം

Monday 24 June 2024 1:42 AM IST

ചിത്രദുർഗ: ഐ.എസ്.ആർ.ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം പുഷ്‌പകിന്റെ (ആർ.എൽ.വി, റീയൂസബിൾ ലോ‌ഞ്ച് വെഹിക്കിൾ) മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം. പുഷ്‌പകിന്റെ തുടർച്ചയായ മൂന്നാം ലാൻഡിംഗ് പരീക്ഷണവിജയം അപൂർവ നേട്ടമാണെന്ന് ഐ.എസ്.ആർ.ഒ അവകാശപ്പെട്ടു.

കർണാടക ചിത്രദുർഗയിലെ ഡി.ആർ.ഡി.ഒ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്നലെ രാവിലെ 7.10നായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടർ ഉപയോഗിച്ച് പുഷ്‌പകിനെ സമുദ്രനിരപ്പിൽ നിന്ന് നാലരകിലോമീറ്റർ മുകളിലേക്ക് ഉയർത്തി താഴേക്ക് സ്വതന്ത്രമാക്കി. സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ തിരിച്ചിറങ്ങി. ആർ.എൽ.വിയെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചിറക്കുന്ന ഓർബിറ്റൽ റീഎൻട്രി പരീക്ഷണമാണ് അടുത്ത ഘട്ടം.

കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് പുഷ്പകിന്റെ ആദ്യ ലാൻഡിംഗ് പരീക്ഷണം. ഇക്കഴിഞ്ഞ മാർച്ച് 22ന് രണ്ടാമത്തെ പരീക്ഷണം നടത്തി. രണ്ടുപരീക്ഷണങ്ങൾക്കും ഒരേ പേടകമാണ് ഉപയോഗിച്ചത്. ആദ്യ പരീക്ഷണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പുഷ്‌പകിന്റെ ലാൻഡിംഗ് ഗിയർ കൂടുതൽ ബലപ്പെടുത്തിയിരുന്നു.

ബഹിരാകാശത്ത് പോകും, തിരിച്ചെത്തും

 നാസയുടെ സ്‌പേസ് ഷട്ടിൽ മാതൃകയിൽ വികസിപ്പിച്ചത്

 ബഹിരാകാശത്തെത്തി തിരികെ റൺവേയിൽ സുരക്ഷിതമായി ഇറങ്ങും

 ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഒന്നിലേറെ തവണ ഉപയോഗിക്കാം

 ഉപഗ്രഹ വിക്ഷേപണച്ചെലവ് കുറയ്ക്കാം

 തദ്ദേശീയമായി വികസിപ്പിച്ച ഗതി നിർണയ, നിയന്ത്റണ സംവിധാനങ്ങൾ

അടുത്ത ഘട്ടം

പുഷ്പകിനെ റോക്കറ്റിൽ ബഹിരാകാശത്തെത്തിച്ച് ഭൂമിയിലേക്ക് മടക്കിയെത്തിക്കുന്നതടക്കമുള്ള പരീക്ഷണങ്ങൾ

 ഭാരം - 1.75 ടൺ

 നീളം - 6.5 മീ​റ്റർ

Advertisement
Advertisement