സ്വന്തം വീട് കടൽ കവർന്നു,​ വാടക മുറിയിൽ പെൺമക്കളുമായി ശ്യാമ

Monday 24 June 2024 1:47 AM IST

അമ്പലപ്പുഴ: ബാങ്കിൽ നിന്ന് വായ്പ്പയെടുത്തുവച്ച വീട് കടലെടുത്തു. രണ്ടു പെൺമക്കളുമായി അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടക വീട്ടിൽ ഒന്നര വർഷമായി താമസം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവലിൽ അനീഷ്, ശ്യാമ ദമ്പതികളുടെ ദുരവസ്ഥയാണിത്.

2023 ജനുവരിയിലാണ് ഇവരുടെ സ്വപ്നങ്ങളെ കടൽ തകർത്തെറിഞ്ഞത്. വിവിധ ബാങ്കുകളിൽ നിന്ന് ഏഴരലക്ഷം രൂപയും ആകെ സമ്പാദ്യവും കൊണ്ട് നിർമ്മിച്ച 400 സ്ക്വയർ ഫീറ്റ് വീടാണ് അർത്ഥരാത്രിയിൽ കടൽ കൊണ്ടുപോയത്. മത്സ്യബന്ധനത്തിലൂടെ അനീഷും പീലിംഗ് ഷെഡിൽ ചെമ്മീൻ പൊളിച്ച് ശ്യാമയും സ്വരുക്കൂട്ടിയ വീട്ടുപകരണങ്ങളും നാലര സെന്റ് സ്ഥലവും നഷ്ടമായി. ആകെ തളർന്നുപോയ കുടുംബത്തെ സാമൂഹ്യ പ്രവർത്തകർ മത്സ്യഫെഡിന്റെ ഓഫീസിന്റെ ഒറ്റമുറിയിൽ താമസിപ്പിച്ചു. പലരും വീട്ടുസാധനങ്ങൾ വാങ്ങി നൽകി. മൂന്ന് മാസം കഴിഞ്ഞപ്പോൾ അതും നിലച്ചു. തുടർന്ന് അടുത്തുള്ള രണ്ടുമുറി വീടിന്റെ ഒരു മുറി ആയിരം രൂപയ്ക്ക് വാടകക്കെടുത്തു.

ഇതിനിടെയാണ് അനീഷ് രോഗബാധിതനായത്. രക്തത്തിൽ അണുക്കളുടെ സാന്നിദ്ധ്യവും അളവും കൂടുതലമായി. ഇതിന്റെ ചികിത്സ നടക്കുന്നുണ്ടെങ്കിലും കുടുംബം പുലർത്താൻ അനീഷിന് കടലിൽ പോയേ മതിയാവു. രണ്ടാഴ്ചയായി വെറും കൈയുമായിട്ടാണ് മടക്കം.

പീലിംഗ് തൊഴിലാളിയാണ് ശ്യാമ. ഒരു മാസമായി ചെമ്മീൻ ഇല്ലാത്തതിനാൽ പീലിംഗ് ഷെഡ് അടച്ചിട്ടിരിക്കുകയാണ്.

മകൾക്ക് പുസ്‌തകം

വാങ്ങാൻ പണമില്ല

മൂത്ത മകൾ ആദിത്യക്ക് അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം ലഭിച്ചെങ്കിലും പഠനോപകരണങ്ങളോ, യൂണിഫോമോവാങ്ങാൻ നിവൃത്തിയില്ല. ആരെങ്കിലും സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ശ്യാമ. ഇളയ മകൾ അഞ്ജന ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ബാങ്കിൽ ഇനിയും കുടിശികയുണ്ട്. വീടിനും സ്ഥലത്തിനുമായി ഫിഷറീസ് വകുപ്പ് 10 ലക്ഷം നൽകാമെന്ന് അറിയിച്ചെങ്കിലും ഈ വിലക്ക് 3 സെന്റ് ഭൂമിയും വീടും ലഭ്യമല്ലെന്നാണ് ശ്യാമ പറയുന്നത്.