മഴയിലും ആവേശം കെടാതെ ഒളിമ്പിക് റൺ

Monday 24 June 2024 1:48 AM IST

തിരുവനന്തപുരം: മഴയത്തും കെടാത്ത ആവേശവുമായി തലസ്ഥാനത്ത് നടന്ന ഒളിമ്പിക് റൺ മാനവീയംവീഥിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ചീഫ് സെക്രട്ടറി വി.വേണു,യുവജനക്ഷേമ ഡയറക്ടർ പി.വിഷ്ണുരാജ് തുടങ്ങിയവരും ഒളിമ്പ്യന്മാരും ചേർന്നാണ് ഒളിമ്പിക് റൺ ഫ്ളാഗ് ഓഫ് ചെയ്‌തത്.

സൈന്യത്തിന്റെ ബാൻഡ് മേളം,വിദഗ്ദ്ധ പരിശീലകരുടെ നേതൃത്വത്തിൽ നടന്ന സൂംബാ നൃത്തം,ബോഡി ബിൽഡിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രദർശനം,ജിംനാസ്റ്റിക് താരങ്ങളുടെ പ്രകടനം എന്നിവയും ശ്രദ്ധേയമായി. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത റോളർ സ്‌കേറ്റിംഗ്,ഇലക്ട്രിക് സ്‌കൂട്ടർ,ബുള്ളറ്റ് റാലികൾ എന്നിവയ്ക്ക് പിന്നാലെയായിരുന്നു ഒളിമ്പിക് റൺ സമാപന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്.

കായികതാരങ്ങൾ,വിദ്യാർത്ഥികൾ,വിവിധ സൈനിക വിഭാഗങ്ങൾ,എൻ.സി.സി കേഡറ്റുകൾ,എൻ.എസ്.എസ് വോളന്റിയർമാർ,കേരള പൊലീസിലെ വിവിധ വിഭാഗങ്ങൾ,എക്‌സൈസ് സംഘം തുടങ്ങിയവരും ഒളിമ്പിക് റണ്ണിന്റെ ഭാഗമായി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ,കായിക അസോസിയേഷൻ അംഗങ്ങൾ,പൊതുജനങ്ങൾ തുടങ്ങിയവർ ഒളിമ്പിക് റണ്ണിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങളിൽ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്.രാജീവ്,സായ് എൽ.എൻ.സി.പി റീജിയണൽ ഹെഡ് ജി.കിഷോർ,ഒളിമ്പ്യൻ കെ.എം.ബീനാമോൾ,ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ പ്രദീപ് കെ.എസ്,എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി, കേരള ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.ആർ.രഞ്ജിത്ത്,കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ,മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്,ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ,ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജുവർമ്മ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement