ദേശീയപാത നവീകരണം: കായൽ ഖനനത്തിന് കടമ്പകളേറെ

Monday 24 June 2024 12:47 AM IST

ആലപ്പുഴ: ദേശീയപാത നവീകരണത്തിന് ആവശ്യമായ മണ്ണ് കണ്ടെത്താൻ വേമ്പനാട്ട് കായൽ ഡ്രഡ്ജ് ചെയ്യുന്നതിനുള്ള ജില്ലാഭരണകൂടത്തിന്റെ ശുപാർശയ്ക്ക് സർക്കാർ അംഗീകാരം നൽകിയെങ്കിലും കടമ്പകളേറെ. നെല്ലിന്റെ കലവറയായ കുട്ടനാട്ടിലെ കൃഷിക്കും പരിസ്ഥിതിക്കും ദോഷം വരാത്ത വിധം സൂക്ഷ്മമായി വേണം ഖനനം നടത്താൻ. കൃഷി, ജലസേചനം, കായൽ വികസനം, കുഫോസ്, ഫിഷറീസ്, മൈനിംഗ് ആൻഡ് ജിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരുമായി ആശയ വിനിമയമവും നടത്തേണ്ടതുണ്ട്. വിദഗ്ദ്ധ സംഘത്തിന്റെ മാർ‌ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാകളക്ടറുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതുൾപ്പെടെ ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കും തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരത്തിനും വിധേയമായിട്ടാകും ഖനനം.

റോഡ് നിർമ്മാണത്തിന് ചുമതലയുള്ള കരാർ കമ്പനിക്കാണ് ഡ്രഡ്ജിംഗിന്റെയും ചുമതല. ഡ്ര‌‌ഡ്ജ് ചെയ്തെടുക്കുന്ന ഓരോ ലോഡ് മണ്ണിനും ജി.എസ്.ടി ഉൾപ്പെടെ ചുമത്തിയാണ് സർക്കാർ വില നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ,​ ദേശീയ പാത നിർമ്മാണം സേവനത്തിന്റെ ഭാഗമായതിനാൽ ജി.എസ്.ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും മണ്ണിന്റെ വില കുറയ്ക്കണമെന്നും കരാർ കമ്പനി സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ 900 രൂപയാണ് ഡ്രഡ്ജിംഗ് ചെലവുകൾ കിഴിച്ച് ലോഡൊന്നിന് മണ്ണിന്റെ വിലയായി സർക്കാർ നിശ്ചയിച്ചത്. എന്നാൽ,​ ഇത് 600 രൂപയാക്കണമെന്നതാണ് കരാർ കമ്പനിയുടെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടായാലേ ഖനനം ചെയ്യാനാകു.

കുട്ടനാടിന് ജീവജലം ഉറപ്പാക്കണം

1.സമുദ്ര നിരപ്പിനേക്കാൾ താഴ്ന്നുകിടക്കുന്ന കരിനിലങ്ങളും പുഞ്ചപ്പാടങ്ങളും നിറഞ്ഞ കുട്ടനാട്ടിൽ ഖനനത്തിന് മുമ്പ് കൃഷിക്കും ഉപജീവനത്തിനും വെള്ളം ഉറപ്പാക്കുകയാണ് പരമ പ്രധാനം. കായൽ ഖനനം ചെയ്യുമ്പോൾ കുട്ടനാട് മേഖലയിൽ നിന്ന് വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായാൽ പാടശേഖരങ്ങൾ കൊടും വരൾച്ചയെ നേരിടേണ്ടിവരും. കരകൃഷിയേയും കുടിനീരിനെയുംവരെ ബാധിക്കാനിടയുണ്ട്

2.വേമ്പനാട് കായൽ നിലവിൽ എക്കലും ചെളിയും മാലിന്യങ്ങളും മൂടിയ നിലയിലാണ്. ശരാശരി രണ്ട് മീറ്ററിലധികം ആഴത്തിലുള്ള എക്കലും ചെളിയും പമ്പ് ചെയ്ത് നീക്കിയശേഷം അരമീറ്ററോളം താഴ്ചയിൽ നിന്ന് മണ്ണ് ഖനനം ചെയ്യാമെന്നാണ് കണക്കാക്കുന്നത്. സിലിക്കയുടെ അംശം കൂടിയ മണ്ണായതിനാൽ നിർമ്മാണത്തിനാവശ്യമായ എത്രത്തോളം മണ്ണ് ലഭ്യമാകുമെന്ന കാര്യവും മുൻകൂർ പറയാനാകില്ല

3.ഡ്രഡ്ജ് ചെയ്യുന്ന മണ്ണിന്റെ തോത് കണക്കാക്കി അതിന് മൈനിംഗ് ആൻഡ് ജിയോളജിയും റവന്യൂവകുപ്പും നിശ്ചയിക്കുന്ന റോയൽട്ടി ഒടുക്കിയാൽ മാത്രമേ നിർമ്മാണ കമ്പനിക്ക് മണ്ണ് ഉപയോഗിക്കാൻ കഴിയു. ആലപ്പുഴയിൽ പുന്നമട മുതൽ മുഹമ്മവരെയുള്ള അഞ്ചര കിലോമീറ്ററോളം കായൽ പരപ്പാണ് ഡ്രഡ്ജിംഗിനായി കണ്ടെത്തിയിട്ടുള്ളത്. രണ്ട് വർഷം മുമ്പാണ് കായൽ ഡ്രഡ്‌ജിംഗിന് കമ്പനി അനുമതി തേടിയത്

ശാസ്ത്രജ്ഞരും ജനപ്രതിനിധികളും കൃഷി വിദഗ്ദ്ധരും ഉദ്യോഗസ്ഥരടക്കമുളളവരുമായി കൂടിയാലോചിച്ചും മതിയായ പഠനങ്ങൾക്കും ശേഷമേ വേമ്പനാട്ട് കായൽ ഡ്രഡ്ജിംഗ് ആരംഭിക്കാനാകു. ദേശീയ പാതയ്ക്ക് മണ്ണ് ലഭ്യമാക്കുന്നതിലുപരി ജന ജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കാതെ നാടിനെ സംരക്ഷിക്കാനുള്ള കടമ കൂടി നിറവേറ്റേണ്ടതുണ്ട്.

- അലക്സ് വർഗീസ്, ജില്ലാ കളക്ടർ

ഡ്രഡ്ജിംഗ്

# പുന്നമട മുതൽ മുഹമ്മ വരെ # അഞ്ചരകിലോമീറ്റർ

# 2.5 ലക്ഷം ക്യൂബിക്ക് മീറ്റർ മണ്ണ്