മിൽമ ജീവനക്കാരുടെ പണിമുടക്ക്, ക്ഷീരകർഷകർ പ്രതിസന്ധിയിൽ

Monday 24 June 2024 12:56 AM IST

ആലപ്പുഴ: നാളെ അർദ്ധരാത്രി ആരംഭിക്കുന്ന മിൽമ ജീവനക്കാരുടെ പണിമുടക്കിലൂടെ

പ്രതിസന്ധിയിലാക്കുന്നത് സംസ്ഥാനത്തെ 10.69 ലക്ഷം ക്ഷീരകർഷകർ. പാൽ വിതരണവും സംഭരണവും പൂർണ്ണമായും മുടങ്ങും. സംസ്ഥാനത്തെ 3607 ക്ഷീരോത്പാദക സഹകരണ സംഘങ്ങൾ വഴി പ്രതിദിനം 16.2ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. പാൽസംഭരണത്തിനും വിതരണത്തിനും ബദൽ സംവിധാനം മിൽമ ഏർപ്പെടുത്താത്ത സാഹചര്യത്തിൽ ക്ഷീരകർഷകർക്ക് സമരം തിരിച്ചടിയാകും. കാലിത്തീറ്റ, വൈയ്ക്കോൽ ഉൾപ്പടെയുള്ളവയുടെ വിലവർദ്ധന കാരണം നട്ടംതിരിയുന്ന കർഷകർക്ക് സമരം വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നതിൽ സംശയമില്ല. മിൽമ പാൽ വിതരണം ചെയ്തില്ലെങ്കിലും സംസ്ഥാനത്തെ എല്ലായിടത്തും സ്വകാര്യ ഏജൻസികളുടെ പാൽ ലഭിക്കും. ഇതിന്റെ ഗുണം അവർതന്നെ കൊണ്ടുപോകും. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ അട്ടിമറിക്കാനാണ് മിൽമ മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

സ്വകാര്യ ഏജൻസികൾക്ക് ഗുണം

1. 2023ൽ മാനേജ്‌മെന്റ് യൂണിയൻ പ്രതിനിധികൾ അഡിഷണൽ ലേബർ കമ്മീഷണറുടെ അദ്ധ്യക്ഷതയിൽ ചർച്ച ചെയ്ത് ഒപ്പുവച്ച സേവന വേതന ദീർഘകാല കരാർ നടപ്പാക്കാത്തതിൽ

പ്രതിഷേധിച്ചാണ് സമരം. നോട്ടീസ് നൽകി 15 ദിവസം കഴിഞ്ഞിട്ടും ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ മിൽമ മാനേജ്മെന്റ് തയ്യാറായില്ലെന്നും യൂണിയനുകൾ പറയുന്നു

2. പാൽ വിതരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മിൽമയുടെ ചെയർമാൻ പറയുന്നുണ്ടെങ്കിലും എന്താണ് സംവിധാനമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്ത് ചെറുതും വലുതുമായി 18 ഓളം സ്വകാര്യ ഏജൻസികൾ പാൽ വിതരണം നടത്തുന്നുണ്ട്. മിൽമ ജീവനക്കാരുടെ സമരം ഇവർക്കാണ് ഗുണംചെയ്യുക

13 മാസം മുമ്പ് മിൽമ ജീവനക്കാരുടെ സേവന,​ വേതന വ്യവസ്ഥകൾ സംബന്ധിച്ചെടുത്ത തീരുമാനം നടപ്പാക്കണം. ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം. ബദൽ സംവിധാനം ചെയർമാൻ വ്യക്തമാക്കണം

അഡ്വ.വി.മോഹൻദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി,​

മിൽമ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി)​

ക്ഷീര സംഘങ്ങൾ: 3607

കർഷകർ : 10.69 ലക്ഷം

സംഭരണം : 16.2 ലക്ഷം ലിറ്റർ