ഒ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്തു

Monday 24 June 2024 1:05 AM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈകിട്ട് നാലിന് തുടങ്ങിയ ചടങ്ങ് അഞ്ച് മിനിട്ടിനുള്ളിൽ പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു.

മാനന്തവാടി എം.എൽ.എയായ കേളു സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റു. മന്ത്രിയുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പുറമെ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എ.എ. റഹീം എം.പി, എം.എൽ.എമാരായ വി. ജോയി, എം. വിൻസെന്റ്, ഐ.ബി. സതീഷ്, കെ. ആൻസലൻ, ആന്റണിരാജു, വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജനപ്രതിനിധികൾ, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക-സാമുദായിക നേതാക്കൾ, ബിസിനസ് രംഗത്തെ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കെ. രാധാകൃഷ്ണൻ ലോക്‌സഭാംഗമായതിനെ തുടർന്നാണ് കേളു മന്ത്രിയായത്.

Advertisement
Advertisement