നീറ്റിൽ സി.ബി.ഐ അന്വേഷണം തുടങ്ങി, അന്വേഷണ സംഘത്തെ ബീഹാറിൽ ആക്രമിച്ചു

Monday 24 June 2024 1:14 AM IST

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാക്രമക്കേടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങി. അതിനിടെ പൊലീസിൽ നിന്ന് അന്വേഷണ വിവരം ശേഖരിക്കാനും അറസ്റ്റിലായവരെ ചോദ്യം ചെയ്യാനും ബീഹാറിലെത്തിയ സി.ബി.ഐ സംഘം സഞ്ചരിച്ചിരുന്ന വാഹനം ജനക്കൂട്ടം ആക്രമിച്ചു. നവാഡ ജില്ലയിലെ രജൗലിയിലായിരുന്നു സംഭവം. ആറുപേർ അറസ്റ്റിലായി. അന്വേഷണത്തിനായി ഗുജറാത്തിലും സി.ബി.ഐ സംഘമെത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. മേയ് അഞ്ചിന് നടത്തിയ നീറ്റ് യു.ജിയിൽ ക്രമക്കേടുകൾ, വഞ്ചന, ആൾമാറാട്ടം, ദുരുപയോഗം എന്നിവ റിപ്പോർട്ട് ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നാണ് അറിയുന്നത്. ചോദ്യപേപ്പർ 30-40 ലക്ഷം രൂപയ്‌ക്ക് വിറ്റതായി പിടിയിലായവർ മൊഴി നൽകിയിരുന്നു. സുപ്രീംകോടതി കേന്ദ്രസർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻ.ടി.എ) നോട്ടീസ് അയച്ചിരുന്നു. ജൂലായ് എട്ടിനാണ് ഹർജി പരിഗണിക്കുന്നത്.

63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

പരീക്ഷാ ക്രമക്കേട് നടത്തിയ 63 വിദ്യാർത്ഥികളെ എൻ.ടി.എ ഡീബാർ ചെയ്തു

നീറ്റ് പരീക്ഷയിൽ ക്രമക്കേട് കാണിച്ച ബീഹാറിലെ 17 പേരും ഗുജറാത്തിലെ ഗോധ്രയിലുള്ള 30 പേരുമടക്കമാണിത്

മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ പരിശീലന കേന്ദ്രത്തിലെ രണ്ട് അദ്ധ്യാപകരെ ഇന്നലെ കസ്റ്റഡിയിലെടുത്തു

ബീഹാറിൽ നാലു വിദ്യാർത്ഥികൾ അടക്കം 13 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു

മുഖ്യകണ്ണിയിൽപ്പെട്ട ഒരാൾ യു.പിയിലും നാലുപേർ ജാർഖണ്ഡിലും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

 പുനഃപരീക്ഷയ്ക്ക് 813 പേർ മാത്രം

ഗ്രേസ് മാർക്ക് ലഭിച്ച 1563 കുട്ടികൾക്കായി ഇന്നലെ നടത്തിയ നീറ്റ് യു.ജി പുനഃപരീക്ഷ എഴുതിയത് 813പേർ മാത്രം. 750 പേർ എഴുതിയില്ല. അവസാന നിമിഷം പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയത് തടസമായി. ആദ്യ പരീക്ഷയിൽ ആറു വിദ്യാർത്ഥികൾക്ക് 720ൽ 720മാർക്കും ലഭിച്ച ഹരിയാനയിലെ ജജ്ജർ അടക്കം ആറ് കേന്ദ്രങ്ങളാണ് മാറ്റിയത്. ഇന്നലെ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പുതുക്കിയ സ്‌കോർ നൽകും. ഹാജരാവാത്തവർക്ക് ഗ്രേസ് മാർക്കില്ലാത്ത പഴയ സ്‌കോർ തുടരും.

Advertisement
Advertisement