മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം,​ കെ എസ് യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ

Sunday 23 June 2024 10:35 PM IST

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ കെ.എസ്.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നാണ് ഗോപു നെയ്യാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ ഔദ്യോഗിക വസതിയായ വഴുതക്കാട്ടെ റോസ് ഹൗസിനു മുന്നിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു പ്രതിഷേധം. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വാഹനം തടഞ്ഞ കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് പ്രതിഷേധക്കാരിലൊരാൾ മന്ത്രിയുടെ കാറിൽ കരിങ്കൊടി കെട്ടിയത്.

പ്ളസ് വൺ സീറ്റ് മൂന്നാംഘട്ട അലോട്ട്മെന്റ് വന്നിട്ടും അധിക ബാച്ചുകൾ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പൊലീസുകാർ കുറവായതിനാൽ പ്രതിഷേധക്കാരെ വേഗത്തിൽ തടയാനായില്ല. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൂടി എത്തി പ്രതിഷേധക്കാരെ നീക്കിയാണ് മന്ത്രിക്ക് വഴിയൊരുക്കിയത് . അഞ്ചുമിനിട്ടിലേറെ സമയം പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കികൊണ്ട് വാഹനത്തിന് ചുറ്റും നിന്നു. വാഹനത്തിലെ കരിങ്കൊടി പൊലീസ് അഴിച്ചു മാറ്റി.

എല്ലാവർക്കും പ്രതിഷേധിക്കാൻ അവസരമുണ്ടെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.