അടുത്ത സിനിമയില്‍ അവരെ ആരെയും ഉള്‍പ്പെടുത്തില്ല, കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍

Sunday 23 June 2024 10:55 PM IST

നടന്‍ ശ്രീനിവാസന്റെ മകന്‍ എന്ന ലേബലില്‍ നിന്ന് ഗായകന്‍, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന വിനീത് ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയില്‍ താന്‍ അഭിനയിപ്പിച്ച ആരെയും അടുത്ത സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്ന തീരുമാനം അറിയിച്ചിരിക്കുകയാണ് വിനീത്. അതിനുള്ള കാരണവും താരം തന്നെ വെളിപ്പെടുത്തി.

ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയ തന്റെ മുന്‍കാല സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരനിരയെ തന്നെയാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലും വിനീത് ഉള്‍പ്പെടുത്തിയത്. കംഫര്‍ട്ട് സോണിലുള്ള ആളുകളെ മാത്രം വച്ച് സിനിമ ചെയ്യുന്നത് അറിയാതെ സംഭവിക്കുന്നതാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ ചില വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്തത് വേറെ ചില താരങ്ങളെ ആയിരുന്നുവെന്നും എന്നാല്‍ അവരുടെ ഒന്നും ഡേറ്റ് കിട്ടാത്തതിന്റെ പശ്ചാത്തലത്തിലാണ് നമ്മുടെ ആള്‍ക്കാരിലേക്ക് വന്നത് എന്നായിരുന്നു വിനീതിന്റെ പ്രതികരണം. നമുക്ക് അടുപ്പമുള്ള ആളുകള്‍ വരുമ്പോള്‍ അത് ഒരു സുഖമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് കാസ്റ്റിംഗ് ആവര്‍ത്തിക്കുമ്പോള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ അതൊരു പരാതിയായി മാറും. അതുകൊണ്ട് തന്നെ അടുത്ത സിനിമയില്‍ ഇവരെ ഒന്നും ഉള്‍പ്പെടുത്തില്ല. ഇതുവരെ ഒരുമിച്ച് ജോലി ചെയ്തിട്ടില്ലാത്ത ഒരു ടീമുമായി സഹകരിക്കാന്‍ ആകും ശ്രമം.