കേരള കൗമുദി ഇംപാക്ട് : ഭിക്ഷാടന മാഫിയയ്ക്ക് മേൽ നടപടിയുമായി പൊലീസ്

Sunday 23 June 2024 11:32 PM IST

തൃശൂർ : യാചക നിരോധിത മേഖലയായ തൃശൂരിൽ ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നടപടിക്ക് ഒരുങ്ങുന്നു. രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടനെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയേക്കും. റെയിൽവേ സ്റ്റേഷൻ റോഡ്, ശക്തൻ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ് , തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലായി നിരവധി പേരാണ് ഭിക്ഷാടനത്തിനായി ഇരിക്കുന്നത്. പണം കൊടുത്തില്ലെങ്കിൽ അസഭ്യം പറയുന്നതും നിത്യസംഭവമാണ്. ബസിലേക്ക് കയറാൻ സാധിക്കാത്ത വിധം ഇവർ ചുറ്റും നിന്ന് പണം ആവശ്യപ്പെടുന്നുമുണ്ട്.

നഗരത്തിലെ പല ഹോട്ടലുകൾക്ക് മുന്നിലും ഇത്തരത്തിൽ ഭിക്ഷാടന സംഘമുണ്ട്. ഇത്തരക്കാരെ ഇറക്കി ഇവരിൽ നിന്ന് പണം പറ്റുന്ന സംഘങ്ങളുമുണ്ടെന്ന സൂചനയുണ്ട്. നല്ല വേഷം ധരിച്ച് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പണം തട്ടുന്ന സംഘങ്ങളും കുറവല്ല. ദൂരെ സ്ഥലത്തുള്ളവരാണെന്നും പഴ്‌സ് നഷ്ടപ്പെട്ടെന്നും ബസിനോ, ട്രെയിനോ പോകാൻ പണമില്ലെന്നും പറഞ്ഞാണ് തട്ടിപ്പ്. അമ്പത് രൂപ മുതൽ 200 രൂപ വരെ ഓരോരുത്തരിൽ നിന്നും തട്ടും. മറ്റ് ജില്ലക്കാരാണ് ഇതിൽ കൂടുതൽ. ചെറുപ്പക്കാരായ സ്ത്രീകൾ വരെ ഇക്കൂട്ടത്തിലുണ്ട്.

തേക്കിൻകാട്ടും അതിക്രമം

ഭിക്ഷാടക ശല്യത്തിന് പുറമേ തേക്കിൻകാട് മൈതാനവും ക്രിമിനലുകൾ താവളമാക്കുന്നതായി സൂചനയുണ്ട്. നിരവധി കേസുകളിൽ പ്രതിയായവരും മറ്റും തമ്പടിക്കുന്നതും മൈതാനത്താണ്. ഇതിനുപുറമേ അലഞ്ഞുതിരിയുന്ന നിരവധി പേർ പകൽ സമയങ്ങളിൽ ഇവിയൊണ് കഴിച്ചു കൂട്ടുന്നത്. സന്നദ്ധ സംഘടനകളും മറ്റും നൽകുന്ന ഭക്ഷണം കഴിച്ച് രാത്രികാലങ്ങളിൽ കടത്തിണ്ണകളിൽ കിടന്നുറങ്ങും. ഇതിൽ ചിലർ മോഷ്ടാക്കളും ക്രിമിനൽ സ്വഭാവമുള്ളവരാണ്. ഇത്തരക്കാരുടെ എണ്ണം കൂടിയതോടെ മേയറുടെ ഇടപെടലിനെ തുടർന്ന് സ്വരാജ് റൗണ്ടിന് ചുറ്റും ഭക്ഷണം വിതരണം ചെയ്യുന്നത് നിറുത്തിയിരുന്നു.