 വിനീത കൊലക്കേസിൽ സാക്ഷിയുടെ മൊഴി: 'പ്രതി മാല പണയം വച്ചു, 92,000 രൂപ വാങ്ങി"

Monday 24 June 2024 1:44 AM IST

തിരുവനന്തപുരം: അമ്പലംമുക്കിൽ കൊല്ലപ്പെട്ട വിനീതയുടെ മാല പ്രതി രാജേന്ദ്രൻ തന്റെ ഫൈനാൻസിൽ പണയം വച്ചെന്ന് സാക്ഷി മൊഴി. തിരുനെൽവേലി ലവഞ്ചിപുരം സ്വദേശിയും തമിഴ്‌നാട് അഞ്ചു ഗ്രാമം ഭാരത് ഫിനാൻസ് ഉടമയുമായ പളനിസാമിയാണ് കോടതിയിൽ മൊഴി നൽകിയത്. നാല് പവന്റെ മാലയക്ക് 92,000 രൂപയാണ് വാങ്ങിയത്.

പണയം വയ്‌ക്കാനെത്തിയപ്പോൾ പ്രതിയുടെ വലത് കൈയിലെ മുറിവ് കെട്ടിവച്ചിരുന്നു. 2022 ഫെബ്രുവരി ഏഴിനാണ് പണയം വച്ചത്. 12ന് പൊലീസ് പ്രതിയുമായെത്തി മാല മടക്കി വാങ്ങിയെന്നും പളനിസാമി അറിയിച്ചു. കന്യാകുമാരി തോവാള വെള്ളമഠം സ്വേദേശിയായ രാജേന്ദ്രനെയും മാലയെയും പളനിസാമി തിരിച്ചറിഞ്ഞു. ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് കേസ് പരിഗണിച്ചത്.

നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണം സ്വദേശിയായ വിനീത പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായിരുന്നു.

മാല കവരുന്നതിനായി വിനീതയെ രാജേന്ദ്രൻ കടയിൽ വച്ച് കുത്തിക്കൊന്നെന്നാണ് കേസ്. അതിനിടെ പണയമെടുക്കാനുള്ള ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് പ്രതിഭാഗം ആരോപിച്ചിരുന്നു. എന്നാൽ സ്ഥാപനത്തിന്റെ ലൈസൻസ് പളനിസാമി കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.

സംഭവം ലോക്ക്ഡൗണിനിടെ

രാജേന്ദ്രൻ ജോലിചെയ്തിരുന്ന പേരൂർക്കടയിലെ കുമാർ ടീ സ്റ്റാൾ ഉടമ ഇസക്കി പാണ്ടിയും പ്രതിയെ തിരിച്ചറിഞ്ഞു. സംഭവ ദിവസം രാവിലെ 10ന് പ്രതി കടയിലെത്തി കാപ്പി കുടിച്ചു മടങ്ങി. കടയിലേക്ക് വരുന്നതിന്റെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തേങ്ങ ചിരകിയപ്പോൾ വലത് കൈക്ക് മുറിവുണ്ടായതായി രാജേന്ദ്രൻ സഹജീവനക്കാരനോട് പറഞ്ഞിരുന്നു. 2022 ഫെബ്രുവരി ആറിന് രാവിലെ 11.50നാണ് വിനീത കൊല്ലപ്പെട്ടത്. ഞാറാഴ്ച ലോക് ഡൗണായിരുന്നതിനാൽ കർശന പൊലീസ് നിരീക്ഷണത്തിലായിരുന്നു നഗരം. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് പ്രതി തമിഴ്നാട്ടിലേക്ക് കടന്നത്.