ആലുവ റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

Monday 24 June 2024 1:48 AM IST

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് കിലോ കഞ്ചാവ് കണ്ടെത്തി. ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ നിന്നും ഇന്നലെ 11.30ഓടെയാണ് എക്സൈസും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്.
ആലുവ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്നതായുള്ള വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ആലുവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ആലുവ റേയ്ഞ്ച് എക്സൈസും സ്ഥിരം നിരീക്ഷണത്തിലാണ്. വിശാഖപട്ടണത്തിൽ നിന്നും എത്തിച്ചതാണ് കഞ്ചാവെന്ന് സംശയിക്കുന്നു. ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷിന്റെ നേതൃത്വത്തിൽ കേസെടുത്തു.

ആലുവ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എസ്. മണിക്കണ്ഠൻ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.എൻ. രാജേഷ്, അസി. സബ് ഇൻസ്പെക്ടർമാരായ കെ.ജെ. സുരേന്ദ്രൻ, കെ.കെ. സുരേഷ്, കോൺസ്റ്റബിൾ ശശികുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഒ.എസ്. ജഗദീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി. ശ്രീജിത്ത്, എം.ടി. വിഷ്ണു നായർ, ബേസിൽ കെ. തോമസ്, ഡ്രൈവർ സി.ടി. പ്രദീപ് കുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു മാസത്തിനിടെ ലഭിച്ചത് ഏഴ് കിലോ കഞ്ചാവ്

ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ ഉപേക്ഷി​ക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഏഴ് കി​ലോ ലോ കഞ്ചാവ്. കഴിഞ്ഞ മാസം 20ന് ഒരു കിലോ കഞ്ചാവാണ് ആലുവ എക്സൈസ് റേഞ്ച് ഓഫീസും ആലുവ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്ത പരിശോധനയിൽ കണ്ടെത്തിയത്.

കഴിഞ്ഞ പത്തിന് ആലുവ എക്സൈസ് റേഞ്ചും റെയിൽവേ പ്രൊട്ടക്ഷൻഫോഴ്സും നടത്തിയ സംയുക്ത പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പൊതി കണ്ടെത്തിയിരുന്നു. ബീഹാർ, ഒറീസ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകൾ കടന്നുപോയ ശേഷമാണ് കഞ്ചാവ് പൊതികൾ ലഭിക്കുന്നതത്രെ

Advertisement
Advertisement