മിഠായിക്കുന്ന് മോഷണം: പ്രതിയുടെ വിരലടയാളം ലഭിച്ചു

Monday 24 June 2024 1:59 AM IST

തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക് മിഠായിക്കുന്നത്ത് പട്ടാപ്പകൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറി 12 പവനോളം സ്വർണാഭരണങ്ങളും പണവും അപഹരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും എത്തിയ ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധൻ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിന്റേ തെന്ന് കരുതുന്ന വിരലടയാളം ലഭിച്ചതായാണ് സൂചന. കൂടാതെ പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ചും തലയോലപ്പറമ്പ് പൊലീസ് അന്വേഷിക്കുന്നുണ്ട്.. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് ഇതര സംസ്ഥാനക്കാരനായ ഗൃഹ സാധനങ്ങൾ വില്പന നടത്തുന്നയാൾ കറങ്ങി നടന്നിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ആ വഴിക്കും അന്വേഷിക്കുന്നുണ്ട്.

തട്ടിൻപുറത്ത് ടി.കെ മധുവിന്റെ വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും 13,000 രൂപയും അപഹരിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10 നും ഉച്ചയ്ക്ക് 2നും ഇടയിലാണ് മോഷണം നടന്നത്. മധുവിന്റെ മക്കൾ പഠനം കഴിഞ്ഞ് വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സമീപത്തെ തട്ടിൻപുറത്ത് കളത്തിക്കുന്നേൽ അൻസാറിന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. വീടിന്റെ പിൻവാതിൽ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാരകളിലെ സാധനങ്ങൾ വാരിവലിച്ച് നിലത്തിട്ടെങ്കിലും വീട്ടിൽ നിന്നും ഒന്നും നഷ്ട്ടപ്പെട്ടില്ല.

Advertisement
Advertisement