കൊക്കെയ്ൻ വിഴുങ്ങിയെത്തിയ ടാൻസാനിയക്കാർ പിടിയിൽ
കടത്തിയത് 40 കോടിയുടെ ലഹരി
നെടുമ്പാശേരി: 40 കോടി രൂപയോളം വിലയുള്ള കൊക്കെയ്ൻ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ടാൻസാനിയൻ സ്വദേശികൾ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡി.ആർ.ഐ) പിടിയിൽ.
ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നാണ് എത്യോപ്യയിൽ നിന്ന് ദോഹ വഴി ഇൻഡിഗോ വിമാനത്തിൽ ഇവർ നെടുമ്പാശേരിയിലെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് വിശദമായ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ ഇരുവരും വയറ്റിൽ ലഹരി ഒളിപ്പിച്ചതായി കണ്ടെത്തി. ക്യാപ്‌സ്യൂൾ രൂപത്തിലാക്കി പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞാണ് ലഹരി വിഴുങ്ങിയിരുന്നത്.
അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വയർ കഴുകിയപ്പോൾ ഒമരി അതുമാനിയിൽ നിന്ന് 19 കോടിയിലേറെ രൂപ വിലവരുന്ന 1945 ഗ്രാം കൊക്കെയ്ൻ ലഭിച്ചു.
വെറോനിക്കയുടെ വയറ്റിൽ നിന്ന് മുഴുവൻ മയക്കുമരുന്നും പുറത്തെടുത്തു കഴിഞ്ഞിട്ടില്ല. ഇരുവരും തുല്യഅളവിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായാണ് വിവരം.
ഒമരി അതുമാനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. യുവതി ആശുപത്രിയിൽ തുടരുകയാണ്. മുൻപും ടാൻസാനിയ സ്വദേശികൾ കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്.