ഇൻഷ്വറൻസ് തുക വാഗ്ദാനം ചെയ്ത് പണം തട്ടൽ: അമ്മയും മകനും അറസ്റ്റി​ൽ

Monday 24 June 2024 12:11 AM IST

പറവൂർ: ഡോക്ടറാണെന്ന വ്യാജേന ഫേസ്ബുക്ക് വഴി പരിചയപ്പെട്ടശേഷം ചികിത്സയ്ക്കായി ഇൻഷ്വറൻസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ കോട്ടയം കിടങ്ങൂർ മംഗലത്ത് കുഴിയിൽ രതീഷ് (34), അമ്മ ഉഷ അശോകൻ (57) എന്നിവരെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കോട്ടുവള്ളി കൈതാരം സ്വദേശിയായ അഡ്വ. പി.യു. വിനോദ് കുമാറിൽ നിന്നാണ് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. ശ്രീനാഥ് നായർ എന്ന പേരിലായിരുന്നു രതീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട്. കളമശേരി മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് വാസ്കുലാർ സർജൻ അസി. പ്രൊഫ. ഡോ.വിഷ്ണുദത്ത് എന്നാണ് പരിചയപ്പെടുത്തിയത്. വിനോദ് കുമാറിന്റെ അച്ഛന് അർബുദ ചികിത്സയ്ക്കായി വിദഗ്ദ്ധനെ കാണാൻ സഹായിക്കുകയും തുടർന്ന് ചികിത്സയുമായി ബന്ധപ്പെട്ട് ഡിസ്ട്രിക്ട് മെഡിക്കൽ എഡ്യൂക്കേഷൻ (ഡി.എം.ഇ) വഴി​ ഇൻഷ്വറൻസ് സ്പോൺസർഷിപ്പ് ലഭിക്കുമെന്നും ഇതിലൂടെ ഒരു വർഷം പതിനഞ്ച് ലക്ഷം രൂപയോളം ലഭിക്കുമെന്നും പറഞ്ഞു. പോളിസിക്കായി 2023 ജൂൺ മുതൽ ഒക്ടോബർ വരെ പലതവണകളായി ഒരു ലക്ഷം രൂപ രതീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് വിനോദ്കുമാർ അയച്ചു. ഇൻഷ്വറൻസ് പോളിസി ലഭിക്കാൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എൽ.ഡി. ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടിയെടുത്തത് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ രതീഷിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Advertisement
Advertisement