വിദ്യാർത്ഥിനിയോട് അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ

Monday 24 June 2024 12:22 AM IST

ഏനാത്ത് : പ്ലസ്ടു വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകും മുമ്പ് പ്രതിയെ വിദ്യാർത്ഥിനിയുടെ മാതാവ് മർദ്ദിച്ചു. മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണ പിള്ള(59)യെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ ഉപദ്രവിച്ചതറിഞ്ഞ് എത്തിയ പെൺകുട്ടിയുടെ അമ്മ രാധാകൃഷ്ണപിള്ളയെ മർദ്ദിക്കുകയായിരുന്നു. ഇയാളുടെ മൂക്കിന് പരിക്കേറ്റു. നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനി. പെൺകുട്ടി മാതാവിനെ വിളിച്ച് ഉപദ്രവിച്ച വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പെൺകുട്ടിയുടെ അമ്മ കടയിൽ നിന്ന രാധാകൃഷ്ണപിളളയോട് കാര്യം ചോദിച്ചു. ഇയാൾ മാതാവിനെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ചെറുത്തു നിൽക്കാൻ ശ്രമിക്കുന്നതിനിടെ മൂക്കിന് ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് രാധാകൃഷ്ണപിള്ളയെ കസ്റ്റഡിയിൽ എടുത്തു പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാതാവിനെതിരെ രാധാകൃഷ്ണ പിള്ളയെ ആക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.