പള്ളിയിൽ സംഘർഷം, ഒരാൾക്ക് പരിക്ക്

Monday 24 June 2024 12:27 AM IST

കോട്ടയം: സസ്‌പെൻഡ് ചെയ്യപ്പെട്ട കുര്യാക്കോസ് സേവേറിയോസ് മെത്രാപ്പൊലീത്ത കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളിയിൽ കുർബാന ചൊല്ലാനെത്തിയതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. മുത്തുക്കുട കൊണ്ടുള്ള ആക്രമണത്തിൽ പാത്രിയാർക്കീസ് ബാവ പക്ഷത്തെ കരിമ്പന്നൂർ വീട്ടിൽ റിജോയുടെ (46) തലയ്ക്ക് ഗുരുതര പരിക്കേറ്റു.

ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവങ്ങൾക്ക് തുടക്കം. വിലക്ക് ലംഘിച്ച് മെത്രാപ്പൊലീത്ത എത്തിയതിനെ പാത്രിയാർക്കീസ് അനുകൂലികൾ എതിർത്തു. ഇതോടെ ഇരുവിഭാഗവും പള്ളി വളപ്പിൽ ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് കുർബാന അർപ്പിക്കാനായത്. റിജോ കോട്ടയം മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.