18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം, നീറ്റ്,​ ഓഹരി വിഷയം; സഭ പ്രക്ഷുബ്ധമായേക്കും

Monday 24 June 2024 12:38 AM IST

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് കൊടിയേറുമ്പോൾ നീറ്ര് വിവാദവും ഓഹരി കുംഭകോണവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയാക്കാനൊരുങ്ങി

പ്രതിപക്ഷം. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിന് ആദ്യ സമ്മേളനം സാക്ഷിയായേക്കും. എട്ടുതവണ എം.പിയായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് ബി.ജെ.പി നേതാവും ഏഴ് തവണ അംഗവുമായ ഭർതൃഹരി മെഹ്‌താബിനെ പ്രോടേം സ്പീക്കർ ആക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കും.

ആദ്യ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം എം.പിമാരുടെ സത്യപ്രതിജ്ഞയാണ്. മൂന്നാം ദിവസം 26ന് സ്‌പീക്കർ തിരഞ്ഞെടുപ്പ്. രാജ്യസഭ 27 മുതൽ സമ്മേളിക്കും.

ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പ്രോടേം സ്പീക്കർ ഭർതൃഹരി മെഹ്‌താബ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ 12 വരെ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്‌കരി, ശിവ്‌രാജ് സിംഗ് ചൗഹാൻ എന്നിങ്ങനെ പ്രാധാന്യം അനുസരിച്ച് ബാക്കി മന്ത്രിമാരുടെ ഊഴം.

കേരളത്തിൽ നിന്നുള്ള ആദ്യ ബി.ജെ.പി അംഗവും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി 12മണിക്കും ഒരു മണിക്കും ഇടയിൽ സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലെ ബാക്കി എം.പിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് നാലിനും അഞ്ചിനുമിടയ്ക്ക് നടക്കും. വയനാട് ഒഴി​ഞ്ഞ രാഹുൽ ഗാന്ധി​ റായ്ബറേലി​ എം.പി​യായി​ ഉത്തർപ്രദേശി​ന്റെ സ്ളോട്ടി​ൽ 25ന് വൈകി​ട്ട് മൂന്നിന് ശേഷം സത്യപ്രതി​ജ്ഞ ചെയ്യും.

ജൂൺ 27ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ലോക്‌സഭാ ചേംബറിൽ ഇരു സഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യും. അവസാന രണ്ട് ദിവസങ്ങളിൽ, രാഷ്‌ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയത്തിൻമേൽ ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും. ജൂലായ് മൂന്നുവരെയാണ് സമ്മേളനം.

ജയിലിൽ നിന്ന് സഭയിലേക്ക്

ജയിലിൽ കഴിയുന്ന പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്നുള്ള അമൃതപാൽ സിംഗ്, ജമ്മു കാശ്‌മീരിലെ ബാരാമുള്ള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റാഷിദ് എൻജിനിയർ എന്നിവർ പരോളിലിറങ്ങിയാണ് സത്യപ്രതിജ്ഞയ്‌ക്ക് എത്തുക. ശേഷം ജയിലിലേക്ക് പോകുന്നതിനാൽ സഭാ നടപടികളിൽ പങ്കെടുക്കാനാകില്ല.

പ്രതിപക്ഷ നേതാവ്,​ സ്പീക്കർ

സ്‌പീക്കറും പ്രതിപക്ഷ നേതാവും സസ്‌പെൻസായി തുടരുകയാണ്.

കോൺഗ്രസ് ആരെ പ്രതിപക്ഷനേതാവാക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രവർത്തക സമിതി പദവി ഏറ്റെടുക്കണമെന്ന് പ്രമേയം പാസാക്കിയെങ്കിലും രാഹുൽ പ്രതികരിച്ചിട്ടില്ല. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകും. സ്‌പീക്കർ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സാവകാശമുണ്ട്.

26ന് നടക്കുന്ന സ്‌പീക്കർ തി​രഞ്ഞെടുപ്പിൽ 17-ാം ലോക്‌സഭാ സ്‌‌‌പീക്കർ ഓം ബിർളയ്‌ക്കു തന്നെയാണ് സാദ്ധ്യത കൂടുതൽ.