ധർമ്മേന്ദ്ര പ്രധാൻ രാജി വയ്‌ക്കണം: സി.പി.എം

Monday 24 June 2024 12:51 AM IST

ന്യൂഡൽഹി:നീറ്റ് പേപ്പർ ചോർച്ചയിലൂടെ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ(എൻ.ടി.എ) വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് സി.പി.എം പി.ബി ആവശ്യപ്പെട്ടു. കേന്ദ്രീകൃത അഖിലേന്ത്യാ പരീക്ഷാ പ്രക്രിയകളെ വിഴുങ്ങിയ ഗുരുതര സംഭവവികാസങ്ങളിൽ പിബി ഉത്കണ്ഠ രേഖപ്പെടുത്തി. നീറ്റ് പിജി, യു.ജി.സി നെറ്റ് പരീക്ഷകൾ റദ്ദാക്കിയത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തെ ബാധിച്ച സമ്പൂർണ്ണ തകർച്ചയുടെ ലക്ഷണമാണ്. ഇവ വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, വാണിജ്യവത്ക്കരണം, വർഗീയവത്ക്കരണം എന്നിവയിൽ നിന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണെന്നും പി.ബി കുറ്റപ്പെടുത്തി. ആർ.ജെ.ഡി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചു.

വിദ്യാഭ്യാസ മേഖല

അഴിമതിയിൽ:

പ്രിയങ്കാഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയെ മാഫിയയ്ക്കും അഴിമതിക്കാർക്കും കൈമാറിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു. അത്യാഗ്രഹികളായ ആളുകൾക്ക് വിദ്യാഭ്യാസ മേഖല തീറെഴുതി. പേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും കാമ്പസുകളിൽ നിന്ന് വിദ്യാഭ്യാസം ഇല്ലാതാകലും രാഷ്ട്രീയ ഗൂഢാലോചനയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലേബലുകളായി-പ്രിയങ്ക പറഞ്ഞു.

Advertisement
Advertisement