ലൈംഗികാതിക്രമം: പ്രജ്വലിന്റെ സഹോദരൻ അറസ്റ്റിൽ

Monday 24 June 2024 1:00 AM IST

ബംഗളൂരു: പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെ.ഡി.എസ് നേതാവ് സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റു ചെയ്തു. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നേതാവും ഹാസൻ മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ്.

27കാരന്റെ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാൻ രേവണ്ണയുടെ ആളുകൾ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും ആരോപിക്കുന്നു. യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും അഞ്ച് കോടി കൊടുക്കാത്തതിലുള്ള പ്രതികാരമാണെന്നും സൂരജ് പറഞ്ഞു. അതിനിടെ, കേസ് സി.ഐ.ഡി അന്വേഷിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ജുഡിഷ്യറിയിൽ വിശ്വാസമുണ്ടെന്ന്

സൂരജിന്റെ പിതാവും മുതിർന്ന ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി രേവണ്ണ പ്രതികരിച്ചു.

നേരത്തേ, സൂരജിന്റെ സുഹൃത്ത് ശിവകുമാർ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ജെ.ഡി.എസ് പ്രവർത്തകൻ തന്നെ സമീപിച്ചെന്നും അഞ്ച് കോടിരൂപ കൊടുത്തില്ലെങ്കിൽ ലൈംഗിക പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നതായി ശിവകുമാർ പറഞ്ഞു. സൂരജിന്റെ നമ്പർ നൽകി. പിന്നീട് യുവാവ് ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് പ്രജ്വൽ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ഒളിവിൽ കഴിഞ്ഞ പ്രജ്വൽ അറസ്റ്റിലായതിനുപിന്നാലെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രജ്വലിനെതിരെ പരാതി നൽകിയ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എച്ച്.ഡി രേവണ്ണയ്ക്കെതിരെയും മാതാവ് ഭവാനി രേവണ്ണയ്ക്കെതിരെയും കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് മൂത്ത സഹോദരൻ സൂരജും അറസ്റ്റിലാകുന്നത്. തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ പ്രജ്വൽ പരാജയപ്പെട്ടിരുന്നു.

Advertisement
Advertisement