ജാമ്യം സ്റ്റേ ചെയ്തതിനെതിരെ കേജ്‌രിവാൾ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വിചാരണ കോടതി നൽകിയ ജാമ്യം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്‌തത് ചോദ്യം ചെയ്‌ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയിൽ. ഇന്ന് ഹർജി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു.
വിചാരണ കോടതി നൽകിയ ജാമ്യത്തിൽ ജൂൺ 21ന് വെള്ളിയാഴ്‌ച തീഹാർ ജയിലിൽ നിന്നിറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഇ.ഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. അഞ്ചുമണിക്കൂർ നീണ്ട വാദത്തിനൊടുവിൽ ജസ്റ്റിസ് സുധീർ കുമാർ ജെയിന്റെ അദ്ധ്യക്ഷതയിലുള്ള അവധിക്കാല ബെഞ്ച് വിധി വരുന്നത് വരെ ജാമ്യം സ്റ്റേ ചെയ്യുകയായിരുന്നു. കേജ്‌രിവാളിന് ജാമ്യം അനുവദിച്ച ട്രയൽ കോടതിയുടെ ഉത്തരവിൽ ഗുരുതര നടപടി ക്രമക്കേടുകളുണ്ടെന്നുംതെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയതെന്നും ഇ.ഡി അഭിഭാഷകനായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.
എന്നാൽ വിചാരണ കോടതിയുടെ വെബ്‌സൈറ്റിൽ ജാമ്യ വിധി അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പുതന്നെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചെന്ന് കേജ്‌രിവാളിന്റെ ഭാര്യ സുനിത പറഞ്ഞു. രാജ്യത്ത് സ്വേച്ഛാധിപത്യം എല്ലാ പരിധികളും ലംഘിച്ചുവെന്നും അവർ ആരോപിച്ചു.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രീം കോടതി അനുവദിച്ച ഹ്രസ്വ ഇടക്കാല ജാമ്യം ഒഴികെ മാർച്ച് 21 മുതൽ കേജ്‌രിവാൾ ജയിലിലാണ്.