പിൻഗാമി ആകാശ് തന്നെ: പ്രഖ്യാപിച്ച് മായാവതി

Monday 24 June 2024 1:02 AM IST

ലക്‌നൗ: രാഷ്ട്രീയ പിൻഗാമി അനന്തരവൻ ആകാശ് ആനന്ദാണെന്ന് വീണ്ടും പ്രഖ്യാപിച്ച് ബി.എസ്.പി നേതാവ് മായാവതി. പാർട്ടിയുടെ ദേശീയ കോഡിനേറ്റർ സ്ഥാനത്തേക്ക് ആകാശിനെ തിരികെ നിയമിക്കുകയും ചെയ്‌തു. ഉത്ത‌ർപ്രദേശിലെ ലക്നൗവിൽ നടന്ന ബി.എസ്.പി ഓഫീസ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. രണ്ടാം തവണയാണ് ആകാശിനെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത്.

മേയിൽ ദേശീയ കോഡിനേറ്റർ സ്ഥാനത്തുനിന്ന് ആകാശിനെ മായാവതി പുറത്താക്കിയിരുന്നു. 2023 ഡിസംബറിൽ ആകാശിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച മായാവതി 2024 മേയിൽ തീരുമാനം മാറ്റി. ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നുൾപ്പെടെ നീക്കുകയും ചെയ്‌തു. രാഷ്ട്രീയ പക്വത കൈവരുന്നതുവരെ ആകാശിനെ സ്ഥാനത്തുനിന്ന് മാറ്റിനിറുത്തുന്നുവെന്നായിരുന്നു വിശദീകരണം.

സമാജ്‌വാദി പാർട്ടിയുമായി ബന്ധം അവസാനിപ്പിച്ച ബി.എസ്.പി, 2019ൽ പാർട്ടി പുനഃസംഘടനയിലാണ് ആകാശിനെ ദേശീയ കോഡിനേറ്ററാക്കിയത്. സംഘടന ദുർബലമായ സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും ചുമതലപ്പെടുത്തി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരകനായിരുന്നു.