പത്തൊമ്പത് നിഴലുകൾ; അപ്പുറം കസേരകളി

Monday 24 June 2024 1:12 AM IST

നേരം ഇരുട്ടി വെളുക്കുന്നതു വരെ രാമായണം വായിച്ചയാളോട് സീതയുടെ ഭർത്താവ് ആരെന്നു ചോദിച്ചാൽ രാവണനാണെന്ന് പറഞ്ഞെന്നിരിക്കും. ചിലപ്പോൾ തമാശയാകാം. അല്ലെങ്കിൽ അജ്ഞതയാകാം. കേൾക്കുന്നവർക്ക് ചിരിക്കാൻ വക. 'മുഖ്യമന്ത്രിയുടെ ഏതു ശൈലിയാണ് മാറ്റേണ്ടത്?"പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഭീമമായ തോൽവിയുടെ താത്വിക അവലോകനത്തിന് തലസ്ഥാനത്തു ചേർന്ന സി.പി.എം നേതൃയോഗത്തിനു ശേഷം പത്രക്കാരുടെ ചോദ്യത്തിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉന്നയിച്ച മറുചോദ്യം ഇതായിരുന്നു.

തങ്ങളെ സഖാവ് 'ഊതി"യതാണെന്ന് ചില പത്രക്കാർ. ഈ വർഷത്തെ ഏറ്റവും മികച്ച തമാശയ്ക്കുള്ള അവാർഡ് ഗോവിന്ദൻ മാഷിന് കൊടുക്കണമെന്ന് മറ്റു ചിലർ. തെറ്റിദ്ധരിക്കേണ്ട; മാഷിന് അതിന്റെ ഉത്തരം പിടികിട്ടാത്തതാണ്. കനത്ത തിരിച്ചടിക്കു കാരണമായ ജനവികാരം മനസിലാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്ന് മാഷ് മലയാളത്തിലല്ലേ കുറ്റസമ്മതം നടത്തിയത്?​ അല്ലെങ്കിൽത്തന്നെ,​ ഒരാളുടെ ശൈലി പെട്ടെന്ന് രൂപപ്പെടുന്നതോ,​ എളുപ്പത്തിൽ മാറ്റാവുന്നതോ ആണോ എന്ന മാഷിന്റെ ചോദ്യവും ശരിയല്ലേ?

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി പാർട്ടിയുടെ തോൽവിക്കു കാരണമായെന്ന് പാർട്ടി യോഗത്തിൽ അദ്ദേഹത്തെ മുന്നിലിരുത്തി പറയാൻ ചിലർ ധൈര്യം കാട്ടിയെന്ന് പത്ര റിപ്പോർട്ട്. മന്ത്രിസഭയിലുള്ളത് മുഖ്യമന്ത്രിയും 19 നിഴലുകളുമാണെന്നു വരെ വിമർശനമുയർന്നത്രെ. എല്ലാം മാദ്ധ്യമ സിൻഡിക്കേറ്റിന്റെ പണിയല്ലേ! മുമ്പ് ലീഡർ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, കോൺഗ്രസിൽ അദ്ദേഹത്തിന്റെ ഒരു കൂട്ടം മുൻ ശിഷ്യർ തിരുത്തൽ വാദവുമായി രംഗത്തിറങ്ങി. സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ലക്ഷ്യം തട്ടൽ തന്നെ. ലീഡറല്ലേ പുള്ളി. 'ഈ പ്രായത്തിൽ ഇനി എന്തു പ്രതിച്ഛായയാണ് ഞാൻ മാറ്റേണ്ടത് " എന്നായിരുന്നു അന്ന് പത്രക്കാരോട് ലീഡറുടെ ചോദ്യം.

കഴിഞ്ഞ മൂന്നു കൊല്ലത്തെ ഭരണത്തിലുള്ള ജനവികാരം തിരിച്ചറിയാതിരിക്കാൻ പാർട്ടി നേതാക്കൾ ഈ നാട്ടിലായിരുന്നില്ലേ താമസം? അതോ മാവിലായിക്കാരായിരുന്നോ?പശുവും ചത്തു,​ മോരിലെ പുളിയും പോയി. എന്നിട്ടും തോറ്റതിന്റെ ഉത്തരം നേതാക്കൾക്കു മാത്രം പിടികിട്ടുന്നില്ല. അത് പൂർണമായി മനസിലാകണമെങ്കിൽ ഇനിയും രണ്ടുവർഷം കൂടി കാത്തിരിക്കണമെന്ന് പ്രതിപക്ഷം. 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഞങ്ങൾക്ക് ഒരു സീറ്റല്ലേ കിട്ടിയുള്ളൂ. എന്നിട്ടും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റോടെ വീണ്ടും അധികാരത്തിൽ വന്നില്ലേ?വീടിന്റെ മോന്തായം വളയുകയും ചുവരുകൾ ഇടിയുകയും ചെയ്തെങ്കിലെന്താ; അടിത്തറ ഭദ്രമല്ലേ! തെറ്റുകൾ തിരുത്തി ഞങ്ങൾ മുന്നേറും! ഗോവിന്ദൻ മാഷിന് തികഞ്ഞ വിശ്വാസം!

ഭരണവിരുദ്ധ വികാരം കനത്ത തോൽവിക്കു കാരണമായെന്ന് പാർട്ടി സെക്രട്ടറി പരോക്ഷമായെങ്കിലും സമ്മതിച്ചല്ലോ. അതുകൊണ്ടാണല്ലോ തിരുത്തൽ മാർഗരേഖ വരുന്നത്. സി.പിഎമ്മിന്റെ അടിത്തറ തകർക്കുന്ന വിധത്തിൽ പരമ്പരാഗത വോട്ടുകൾ എങ്ങനെ എതിർ പാളയങ്ങളിലേക്ക് ഒഴുകി? ഈഴവ സമുദായത്തിലേക്കുള്ള ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും കടന്നുകയറ്റത്തിന് സമുദായ നേതാക്കൾ വഴിയൊരുക്കിയെന്നാണ് പാർട്ടി സെക്രട്ടറിയുടെ ഉത്തരം. ക്രൈസ്തവ വോട്ടുകൾ ചോർന്നതിനു കാരണം ഭീഷണിയും. അപ്പോൾ, ഈ വോട്ട് ബാങ്കുകൾ എക്കാലവും ഫിക്സഡ് ഡെപ്പോസിറ്റായി കക്ഷത്തുവച്ച് കൊണ്ടുനടക്കാമെന്നാണോ കരുതിയിരുന്നത്? അത് കരുവന്നൂർ ബാങ്കിലെ നിക്ഷേപം പോലെയായെന്ന് പ്രതിപക്ഷം.

 

'നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ,​ നീയങ്ങു മാറിക്കിട ശഠാ..."പാ‍ഞ്ചാലിയുടെ ആഗ്രഹം നിറവേറ്റാൻ സൗഗന്ധികപുഷ്പം തേടിയിറങ്ങിയ ഭീമസേനൻ വഴിമദ്ധ്യേ കിടന്ന ഹനുമാനോട് ആവശ്യപ്പെടുന്നതാണ് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥയിലെ സന്ദർഭം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ 18 സീറ്റും യു.ഡി.എഫ് കൈക്കലാക്കിയതിന്റെ ആനന്ദത്തിമിർപ്പിനിടെ തലപ്പത്തെ കോൺഗ്രസ് നേതാക്കൾ പലരും മനപ്പായസം ഉണ്ടുതുടങ്ങി. രണ്ടുകൊല്ലം കൂടി കഴിയുമ്പോൾ ഭരണം നമ്മുടെ കൈയിൽ. സന്തോഷവും അതിലേറെ ഉത്കണ്ഠയും കൊണ്ട് ഇരിക്കാനും കിടക്കാനും മാത്രമല്ല, ഉറങ്ങാനും പറ്റാത്ത അവസ്ഥ.

മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയാണ് ഉത്കണ്ഠ. അത് മറ്റേ ആശാന്മാർ അടിച്ചുമാറ്റാൻ അനുവദിക്കരുത് .അതിന് ഇപ്പോഴേ തുടങ്ങണം വെട്ടൽ. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗത്തിൽ അവർ പണി തുടങ്ങിയെന്നാണ് അണിയറ സംസാരം. മാർഗതടസമാകുമെന്നു കരുതുന്ന ചിലരെ കണ്ടില്ലെന്നു നടിച്ചു. പ്രസംഗിക്കാൻ പോലും ക്ഷണിച്ചില്ല. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും ഈ ഒഴിവാക്കൽ നേരിടേണ്ടിവന്നു എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ ആക്ഷേപം.

യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വസതിയിൽ നടന്ന വിരുന്നിൽ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങി. പ്രതിഷേധംകൊണ്ടാണെന്ന് ചെന്നിത്തല പക്ഷം. അതല്ല, തീരെ വിശപ്പില്ലാഞ്ഞിട്ടാണെന്ന് മറുപക്ഷം. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും യോഗത്തിന് എത്താതിരുന്നതിനാൽ കെ. മുരളീധരൻ രക്ഷപ്പെട്ടു. ആൾക്കൂട്ടത്തിൽ ഒറ്റപ്പെടേണ്ടിവന്നില്ലല്ലോ. തൃശൂരിലെ തോൽവിയിലുള്ള അദ്ദേഹത്തിന്റെ പിണക്കം ഇനിയും തീർന്നിട്ടില്ല. പിണക്കം ആരോടൊക്കെയാണെന്നോ? പിന്നീട് പറയാം; സമയം വരട്ടെ.

 

മാവോണോ മൂത്തത്,​ അതോ അണ്ടിയാണോ?കണ്ണൂരിൽ ആദ്യം ബോംബ് നിർമ്മാണം തുടങ്ങിയത് സി.പി.എമ്മാണോ,​ കോൺഗ്രസാണോ, ആർഎസ്.എസ് ആണോ? രണ്ടിനും ശരുയുത്തരം കണ്ടെത്തുക അസാദ്ധ്യം. മാവു പൂക്കും കാലം കഴിഞ്ഞാലും കണ്ണൂരിൽ ബോംബിന് പഞ്ഞമില്ല. ഒടുവിലത്തെ സ്ഫോടനത്തിൽ മരിച്ചത് വൃദ്ധൻ. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്ന കെ.സുധാകരന്റെ പ്രതികരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പൊങ്കാലയായി. വൃദ്ധന്റെ ജീവന് വിലയില്ലേ എന്നായി ചോദ്യം. താൻ അതല്ല ഉദ്ദേശിച്ചതെന്ന് തിരുത്തേണ്ടിവന്നു,​ കമ്പക്കുടിക്ക്.

കെ. സുധാകരൻ- പിണറായി വിജയൻ വാക്പോരിലെ സ്ഥിരം കഥാപാത്രമാണ് തലശേരി ബ്രണ്ണൻ കോളേജ്. ഇരുവരും

പഠിച്ച കോളേജ്. സുധാകരനെ പ്രത്യേക 'ഏക്ഷനി"ലൂടെ മലർത്തിയടിച്ചെന്ന് പിണറായിയും, മറിച്ചാണ് സംഭവിച്ചതെന്ന്

സുധാകരനും അവകാശപ്പെടുന്ന കലാലയം. 'അവൻ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്തേ

തുടങ്ങിയതാണ് വെട്ടും കുത്തും. എത്ര പേരെ കുത്തിക്കൊന്നു! എത്ര പേരെ വെടിവച്ചു കൊന്നു!"- പിണറായി സഖാവിനെ ലക്ഷ്യമാക്കിയാണ് സുധാകരന്റെ അമ്പെയ്ത്ത്. സുധാകരൻ എന്തൊക്കെ വേണ്ടാതീനം തനിക്കെതിരെ വിളിച്ചുപറഞ്ഞാലും അടുത്തിടെയായി പിണറായി സഖാവ് എന്തുകൊണ്ടോ അതത്ര ഗൗനിക്കാരില്ല. ഒരു നിസംഗ ഭാവം. എല്ലാം ഒരു ചിരിയിലൊതുക്കും. ഇതെത്ര കണ്ടതാണെന്ന മട്ടിൽ! സഖാവിനെക്കൊണ്ട് വീണ്ടും പ്രത്യേക 'ഏക്ഷൻ" എടുപ്പിക്കരുത്1

നുറുങ്ങ്:

ഇന്ദിരാഗാന്ധി ഭാരത മാതാവെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കോൺഗ്രസിന്റെ മാതാവെന്നാണ് പറഞ്ഞതെന്ന് പിറ്റേന്ന് തിരുത്തൽ.

 സുരേഷ് ഗോപിയും രാഷ്ട്രീയം പഠിച്ചുതുടങ്ങി!

(വിദുരരുടെ ഫോൺ:9946108221)

Advertisement
Advertisement