'പനോരമ'യിൽ ഇനി വിഷ്ണു ഇല്ല

Monday 24 June 2024 1:13 AM IST

പാലോട്: ഛത്തീസ്ഗഡിൽ കുഴിബോംബാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ വിഷ്ണു അവസാനമായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയിരുന്നത്. ഭാര്യ വീടിനോട് ചേർന്ന് നിർമ്മിച്ച പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിനായിരുന്നു അത്. മേയ് 7നായിരുന്നു ഗൃഹ പ്രവേശം. പനോരമ എന്നാണ് വീട്ടുപേര്. തുടർന്ന് 15ന് ഇളയ മകന്റെ വിദ്യാരംഭ ചടങ്ങുകൾക്കായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പോയി. അതിനുശേഷം 24ന് മടങ്ങി. ദിവസവും വീട്ടിലേക്ക് മുടങ്ങാതെ വിളിക്കും.

പ്രണയിച്ചാണ് നിഖിലയെ ജീവിത സഖിയാക്കിയത്. വിഷ്ണുവിന്റെ മാതാവ് അജിതയും ജേഷ്ഠൻ അരുണും ചെറ്റച്ചൽ ജഴ്സി ഫാം ജീവനക്കാരാണ്. ജോലി ലഭിക്കുന്നതിന് മുമ്പ് ടാക്സി ഡ്രൈവറുടെ കുപ്പായവും ഇട്ടു. ചെറ്റച്ചൽ യു.പി.സ്കൂൾ, എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പ്ലസ് ടു ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ. ചുള്ളിമാനൂർ ബി.വി.ഡി.എം ഐ.ടി.ഐയിലും പഠിച്ചു. ലീവിന് നാട്ടിലെത്തുമ്പോൾ എന്ത് സഹായത്തിനും മുന്നിലുണ്ടായിരുന്ന വിഷ്ണുവിന്റെ മരണവാർത്തയുടെ ഞെട്ടലിലാണ് പ്രദേശവാസികൾ.

Advertisement
Advertisement