ശപഥമെടുത്ത് നായിഡു; ജഗൻ ശരിക്കും പേടിക്കണം!

Monday 24 June 2024 1:24 AM IST

ആസ്ഥാന മന്ദിരത്തിനായി ഗുണ്ടൂരിലെ തടൈപ്പള്ളിയിൽ വൈ.എസ്.ആർ കോൺഗ്രസ് നിർമ്മിക്കുന്ന കെട്ടിടം ആന്ധ്രപ്രദേശ് സർക്കാർ ഇടിച്ചുപൊളിച്ചു കളഞ്ഞത് ഒരു സാമ്പിൾ മാത്രം. വൈ.എസ്.ആ‌ർ കോൺഗ്രസിനെയും പാർട്ടി അദ്ധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിയേയും പൊളിച്ചടുക്കാൻ തന്നെയാണ് ചന്ദ്രബാബു നായുഡുവിന്റെയും കൂട്ടരുടെയും തീരുമാനം.

അനകപ്പള്ളിയിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിക്കു വേണ്ടി 1.75 ഏക്കർ ഭൂമിയിൽ പണിയുന്ന മറ്റൊരു കൂറ്രൻ കെട്ടിടം അനധിക‌ൃതമാണെന്നു കാണിച്ച് ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി) അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവിടെ ദേശീയപാതയ്ക്കു സമീപമുള്ള ഭൂമി 33 വർഷത്തേക്ക് പാട്ടത്തിനെടുത്ത് അനധികൃതമായി മന്ദിരം പണിതുവെന്നാണ് ടി.ഡി.പിയുടെ ആരോപണം. തടൈപ്പള്ളിയിലെ നിർമ്മാണം പൊളിച്ചുനീക്കിയ ദിവസം തന്നെ ടി.ഡി.പി അനകപ്പള്ളിയിലെ നിർമ്മാണം അനധികൃതമെന്ന വാദമുയർത്തി സമൂഹ മാദ്ധ്യമങ്ങളിൽ ഫോട്ടോയും വീഡിയോയും പോസ്റ്റു ചെയ്തിരുന്നു 'വൈ.എസ്.ആർ.സി.പി കൊട്ടാരം" എന്നാണ് നിർമ്മാണം പൂർത്തിയാകാറായ കെട്ടിടത്തെ ടി.‌ഡ‌ി.പി വിശേഷിപ്പിച്ചത്.

അനകപള്ളിയിലെ കെട്ടിടവും ഇടിച്ചുനിരത്തിയാൽപ്പിന്നെ ജഗൻമോഹൻ റെഡ്ഡിയുടെ റുഷിക്കോണ്ട ഹിൽ പാലസിലേക്ക് നായിഡു ബുൾ‌ഡോസറുകളെ അയച്ചാലും അദ്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അത്രമേൽ പക ചന്ദ്രബാബു നായിഡുവിന് ജഗൻമോഹൻ റെഡ്ഡിയോടുണ്ട്. 371 കോടി രൂപയുടെ അഴിമതി കേസിൽ എൻ. ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞ സെപ്തംബറിൽ ജഗന്റെ പൊലീസ് അറസ്റ്റു ചെയ്തപ്പോൾ വലിയൊരു തിരിച്ചടിക്കാണ് തിരികൊളുത്തുന്നതെന്ന് അദ്ദേഹം ചിന്തിച്ചുപോലും കാണില്ല.

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ നിർമ്മിച്ച 'പ്രജാവേദിക" ഇടിച്ചുനിരത്തിയപ്പോൾ ബുൾഡോസറുകൾ തനിക്കെതിരെ തിരിഞ്ഞെത്തുമെന്നും ജഗൻ സ്വപ്നം കണ്ടിരിക്കില്ല. പക്ഷെ, തന്ത്രവും കുതന്ത്രവും അതിനപ്പുറത്തുമുള്ളതെല്ലാം വശമാക്കിയ ചന്ദ്രബാബു നായി‌ഡു അവസരം പാർത്തിരുന്നു. കൃത്യമായി കരുക്കൾ നീക്കി, മുഖ്യമന്ത്രി പദത്തിലേക്ക് അനായാസം എത്തി. ജഗന്റെ വെ.എസ്.ആർ.സി.പി 11 സീറ്റിലൊതുങ്ങി.

പതുങ്ങിയത്

കുതിക്കാൻ

ആന്ധ്രയിൽ നായിഡു മുഖ്യമന്ത്രിയായിരിക്കെ നൈപുണ്യ വികസന കോർപറേഷൻ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി 2015– 18 കാലയളവിൽ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ സാങ്കേതിക പരിശീലനം ലഭ്യമാക്കാൻ 371 കോടി രൂപ വകയിരുത്തി. എന്നാൽ, പണം കൈപ്പറ്റിയവർ പരിശീലനം നൽകിയില്ലെന്ന് പരാതിയുയർന്നു. 2019-ൽ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയതിനെ തുടർന്നായിരുന്നു അന്വേഷണം. തുക വ്യാജ കമ്പനികൾക്കാണ് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്നായിരുന്നു അന്നത്തെ സി.ഐ.ഡി മേധാവി എൻ.സഞ്ജയുടെ കണ്ടെത്തൽ. ജി.എസ്.ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രി ശ്രീനിവാസ റാവു ഉൾപ്പെടെ 10 ടി.ഡ‌ി.പിക്കാർ അറസ്റ്റിലായി. ചെറിയൊരു സംഘർഷത്തിനൊടുവിലായിരുന്നു ചന്ദ്രാബാബു നായിഡുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിച്ചത് 2014-ൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായപ്പോഴായിരുന്നു. എന്നാൽ 2019-ൽ വൈ.എസ്.ആർ.സി.പി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി തലസ്ഥാന വികസന പദ്ധതി മരവിച്ചു.

കൃഷ്ണാ നദീതീരത്ത് നായിഡു പണിത 'പ്രജാവേദിക കോൺഫറൻസ് ഹാൾ" ഒറ്റ ദിവസംകൊണ്ടാണ് ജഗൻ പൊളിച്ചുനീക്കിയത്. അമരാവതിക്കു സമീപം ഉണ്ടാവല്ലിയിൽ നായിഡുവിന്റെ താത്കാലിക വസതിക്കടുത്ത് ജനങ്ങളുമായി കൂടിക്കാഴ്ചക്കു വേണ്ടി ഒമ്പതുകോടി രൂപ ചെലവിൽ പണിതതാണ് പ്രജാവേദിക. ജനങ്ങൾക്കായി പണിത മന്ദിരം തകർത്തതിന് ജഗൻ മറുപടി പറയേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പു പ്രചാരണ വേദികളിലും അഭിമുഖങ്ങളിലും നായിഡു ഉറപ്പിച്ചു പറഞ്ഞിരുന്നു.

ഒന്നിനു പുറകേ ഒന്നായി കേസുകളുമായി ടി.ഡി.പി നേതാക്കളെയും പ്രവർത്തകരെയും ജഗന്റെ നേതൃത്വത്തിലുള്ള സർക്കാർ പീഡിപ്പിച്ചുവെന്നാണ് ടി.ഡി.പിയുടെ ആരോപണം. എന്തായാലും തിരിച്ചടി നൽകാൻ നായിഡു ഇറങ്ങിപ്പുറപ്പെട്ട സ്ഥിതിക്ക് ജഗൻ കരുതിയിരിക്കണം. കാരണം മദ്യനയത്തിലുൾപ്പെടെ ജഗൻ അഴിമതി കാണിച്ചുവെന്ന ആരോപണം നേരത്തേയുണ്ട്.

ആ ശപഥവും

അനന്തരവും

2021 നവംബർ 19- ന് പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രബാബു നായിഡു,​ നിയമസഭയിൽ നിന്ന് ഒരു ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. അന്നു ഭരണത്തിലിരുന്ന യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) അംഗങ്ങൾ തന്റെ ഭാര്യയെക്കുറിച്ചു നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ പേരിലായിരുന്നു നാടകീയമായ ഇറങ്ങിപ്പോക്ക്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കൈകൂപ്പി നിയമസഭയിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം കണ്ണീരോടെ പറഞ്ഞു: 'ഇനി ഞാൻ ഈ അസംബ്ലിയിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രിയായതിനു ശേഷമേ സഭയിലേക്കു മടങ്ങൂ!" മഹാഭാരതത്തിൽ ദ്രൗപതിയെ അപമാനിച്ച രാജധാനി പോലെ,​ നിയമസഭ ഒരു 'കൗരവസഭ"യായി മാറിയെന്നും നായിഡു പറഞ്ഞു.

ആ ശപഥം നിറവേറ്റിക്കൊണ്ടാണ് രണ്ടു നാൾ മുമ്പ് നായി‌ഡു അമരാവതിയിലെ നിയമസഭാ മന്ദിരത്തിലേക്ക് കടന്നുവന്നത്. 2019-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പി 175-ൽ 151 സീറ്റുകൾ നേടിയിരുന്നു. കടപ്പ, കർണൂൽ, നെല്ലൂർ, വിജയനഗരം എന്നിവയുൾപ്പെടെ പ്രധാന ജില്ലകൾ അന്ന് വൈ.എസ്.ആർ.സി.പി തൂത്തുവാരി. ടി.ഡി.പിക്കു കിട്ടിയത് 23 സീറ്റ് മാത്രം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് എൻ.ഡി.എ വിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസുമായി (യു.പി.എ) അണിചേരാനെടുത്ത തീരുമാനം തെറ്റെന്ന് അദ്ദേഹം വേദനയോടെ തിരിച്ചറിഞ്ഞു.

നായിഡുവിന്റെ അമ്പതു വർഷത്തെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീഴുമെന്നു വരെ അന്ന് പ്രചാരണമുണ്ടായി. പക്ഷേ,​ അഞ്ചു വർഷത്തിനു ശേഷം ബി.ജെ.പിയുമായി കൂട്ടുകൂടി. ജനസേനയുടെ കരുത്തു കൂടിയായപ്പോൾ സംസ്ഥാനഭരണം 'പുഷ്പം പോലെ" നായി‌‌ഡുവിന് കൈവന്നു. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയിൽ ബി.ജെ.പിക്കു പിന്നിൽ അംഗബലമുള്ള കക്ഷിയുടെ നേതാവ്! ആന്ധ്രയിൽ മാത്രമല്ല, കേന്ദ്രത്തിലും കരുത്തനായ നായിഡുവിനെ ജഗൻ കൂടുതൽ പേടിക്കണം.

Advertisement
Advertisement