ബംഗ്ലാദേശിൽ പാമ്പുകടി ഉയരുന്നു

Monday 24 June 2024 7:12 AM IST

ധാക്ക : രാജ്യത്തെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി വെനം സംഭരിക്കണമെന്ന് നിർദ്ദേശിച്ച് ബംഗ്ലാദേശ് ആരോഗ്യ മന്ത്രി ഡോ. സാമന്ത ലാൽ സെൻ. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പാമ്പുകടിയേൽക്കുന്നവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉഗ്ര വിഷമുള്ള ചേനത്തണ്ടൻ ഇനത്തിലെ അണലിയുടെ ( റസൽസ് വൈപ്പർ) കടിയാണ് കൂടുതൽ പേർക്കും ഏൽക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപകമായി കാണപ്പെടുന്നവയാണ് ചേനത്തണ്ടൻ അണലി. വിളവെടുപ്പ് സീസൺ കൂടിയായതിനാൽ കൃഷി ഇടങ്ങളിലും മറ്റും ഇവയുടെ സാന്നിദ്ധ്യമുണ്ട്. ബംഗ്ലാദേശിൽ പ്രതിവർഷം 7,000 പേർ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് 2023ലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വളരെ വേഗത്തിൽ ആന്റി വെനം ലഭിച്ചാൽ മിക്കവരും രക്ഷപെടും. 2002ൽ ചേനത്തണ്ടൻ അണലിക്ക് ബംഗ്ലാദേശിൽ വംശനാശം സംഭവിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവയുടെ എണ്ണം വീണ്ടും പെരുകുന്നതായാണ് കണക്ക്. വരണ്ട സ്ഥലങ്ങളിൽ സാധാരണ കാണാറുള്ള ഇവ വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കാൻ പ്രാപ്തമായെന്ന് ഗവേഷകർ പറയുന്നു. ബംഗ്ലാദേശിലെ 25ലേറെ ജില്ലകളിൽ ചേനത്തണ്ടൻ അണലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.