സാംബിയയിൽ അമേരിക്കൻ വനിതയെ കാട്ടാന ചവിട്ടിക്കൊന്നു
ലൂസാക്ക : ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ അമേരിക്കൻ ടൂറിസ്റ്റിനെ കാട്ടാന സവാരി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ചവിട്ടിക്കൊന്നു. ന്യൂമെക്സിക്കോ സ്വദേശിനിയായ ജൂലിയാന ഗ്ലീ ടോർനോ (64) ആണ് മരിച്ചത്. ബുധനാഴ്ച ലിവിംഗ്‌സ്റ്റോൺ പട്ടണത്തിലായിരുന്നു സംഭവം.
ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നത് കണ്ട് മരാംബ കൾച്ചറൽ ബ്രിഡ്ജിന് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു സവാരി വാഹനം. ഇതിനിടെ കൂട്ടത്തിൽ നിന്നൊരു ആന വാഹനത്തിന് നേരെ അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം, സംഘത്തിലെ മറ്റാർക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല. ആനയെ ആക്രമണത്തിന് പ്രകോപിപ്പിച്ച കാരണവും വ്യക്തമല്ല.
ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് സാംബിയയിൽ അമേരിക്കൻ സഞ്ചാരി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. മാർച്ചിൽ കഫ്യൂ നാഷണൽ പാർക്കിൽ സവാരി ട്രക്കിനെ ആന ആക്രമിച്ചത് മൂലം 79കാരിയായ മിനസോട്ട സ്വദേശി കൊല്ലപ്പെട്ടിരുന്നു.
അഞ്ച് പേർക്ക് പരിക്കേറ്റു. ട്രക്കിനെ ആന ചവിട്ടിമെതിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. രാജ്യത്ത് വന്യജീവി ആക്രമണം പെരുകുന്നതിനാൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് സാംബിയൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ പടിഞ്ഞാറൻ സാംബസി മേഖലയിൽ ഭീതി പരത്തിയ രണ്ട് സിംഹങ്ങളെ അധികൃതർ കൊന്നിരുന്നു.