വിമാനത്തോളം വലിപ്പം, ഭൂമിയ്ക്കരികിലൂടെ പറന്ന് ഛിന്നഗ്രഹം

Monday 24 June 2024 7:22 AM IST

ന്യൂയോർക്ക് : ഭൂമിയുടെ അരികിലെത്തി വിമാനത്തോളം വലിപ്പമുള്ള ഛിന്നഗ്രഹം. ഭൂമിയ്ക്ക് ഭീഷണിയല്ലാത്ത ഗണത്തിൽപ്പെടുന്ന '2024 കെ.എൻ 1' എന്ന ഛിന്നഗ്രഹമാണ് ഇന്നലെ ഇന്ത്യൻ സമയം അർദ്ധരാത്രിയോടെ ഭൂമിയ്ക്കരികിലൂടെ സുരക്ഷിതമായി കടന്നുപോയത്. 88 അടിയോളം വലിപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ നിന്ന് 56 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാണ് സഞ്ചരിച്ചതെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി അറിയിച്ചു. പല വലുപ്പത്തിലുള്ള ഏകദേശം 30,000 ഛിന്നഗ്രഹങ്ങളാണ് ഭൂമിയുടെ സമീപത്തുള്ളതായി കണ്ടെത്തിയത്. ഇതിൽ ഒരു കിലോമീറ്ററിലേറെ വീതിയുള്ള 850ലേറെ ഛിന്നഗ്രഹങ്ങളുമുണ്ട്. നിയർ എർത്ത് ഒബ്ജക്ട്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. വരുന്ന 100 വർഷത്തിനിടെ ഇവയിലൊന്നും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഗവേഷകർ പറയുന്നു. ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെ യു.എസിന്റെ നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Advertisement
Advertisement