ഭൂമിയിലെ വെള്ളമെല്ലാം പെട്ടെന്ന് വറ്റിപ്പോയാൽ എന്ത് സംഭവിക്കുമെന്നറിയാമോ?

Monday 24 June 2024 1:19 PM IST

ഭൂമിയിൽ പുറമേ നമ്മൾ കാണുന്ന സമുദ്രങ്ങളുടെ ആകെ വലുപ്പത്തിന്റെ മൂന്നിരട്ടി വലിയ ഒരു സമുദ്രം ഭൂമിക്കുള്ളിലുണ്ടെന്ന് ഗവേഷക‌ർ കണ്ടെത്തിയിട്ട് നാളുകളാകുന്നതേയുള്ളു. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 700 കിലോമീറ്റർ ഉള്ളിലാണ് ഈ സമുദ്രമുള്ളത്. ഭൂമിയിൽ ഉൽക്കാപതനത്തെ തുടർന്നാണ് സമുദ്രമുണ്ടായതെന്ന ഒരു പഠനത്തെ അപ്രസക്‌തമാക്കുന്നതായിരുന്നു ഈ പഠനം. ഭൂമിയുടെ 71 ശതമാനവും ജലത്താൽ മൂടപ്പെട്ടതാണ്. ഇതിൽ 97 ശതമാനം സമുദ്രത്തിലെ ഉപ്പുവെള്ളമാണ്. അവശേഷിക്കുന്ന ജലമാണ് കുടിവെള്ളമായും കൃഷിയ്ക്കും എന്തിന് വ്യവസായങ്ങൾക്ക് വരെ ഉപയോഗിക്കുന്നത്. ഭൂമിയിൽ ഉഷ്‌ണകാലമാകുമ്പോൾ വിവിധയിടങ്ങളിൽ മനുഷ്യരും ജന്തുക്കളും ചെടികളുമെല്ലാം വെള്ളം കിട്ടാതെ ബുദ്ധിമുട്ടാറുണ്ട്.

ഏതാണ്ട് ഒരു ശതമാനത്തിൽ താഴെ ശുദ്ധജലം മാത്രമാണ് മനുഷ്യന് അവന്റെ ആവശ്യങ്ങൾക്കായി ഉപയോഗത്തിന് ലഭിക്കുന്നത്. സമുദ്രജലം നീരാവിയായി മാറി വിവിധയിടങ്ങളിൽ മഴ പെയ്യുകയും അത് പുഴകളിലും തോടുകളിലുമടക്കം വിവിധ സ്രോതസുകളിൽ ജലമെത്തുകയും ആ വെള്ളം വീണ്ടും സമുദ്രത്തിലെത്തുകയും ചെയ്യുന്ന പ്രക്രിയ തുടരുന്നതിനാലാണ് ഭൂമിയിൽ ഇന്നത്തെ അന്തരീക്ഷം നിലനിൽക്കുന്നത്. നമ്മുടെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നീരാവിയാണ് ഭൂമിയെ വാസയോഗ്യമാക്കുന്നത്.

മനുഷ്യനടക്കം വിവിധ ജീവികളുടെ നിലനിൽപ്പിന് ആധാരമായ ജലത്തെ നാം പലവഴികളിലൂടെ മലിനമാക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 200 കോടി ജനങ്ങൾ ജല ദൗർലഭ്യമുള്ളയിടങ്ങളിലാണ് കഴിയുന്നത്, 170 കോടി ജനങ്ങൾക്കാകട്ടെ മലിനമായ ജലം ഉപയോഗിക്കേണ്ടി വരുന്നു. എന്നാൽ ആശ്വസിക്കാവുന്ന സംഗതി എന്തെന്നാൽ 2000ൽ 62 ശതമാനം ജനങ്ങൾക്കാണ് ശുദ്ധജലം ലഭിക്കാൻ സാധിച്ചിരുന്നതെങ്കിൽ 2020ഓടെ 74 ശതമാനമായി വർദ്ധിച്ചു.

വികസിത രാജ്യങ്ങൾ ലോകത്തിൽ ജലത്തിന്റെ അമിതഉപയോഗത്തിലും ജലം മലിനമാകുന്നതിലും മുന്നിലാണ്. യുനെ‌‌സ്കോ കണക്കുകൂട്ടുന്നതനുസരിച്ച് പ്രതിവർഷം 114 ബില്യൺ ഡോളറാണ് ജലശുദ്ധീകരണത്തിന് വേണ്ടിവരുന്നത്. ആഗോള ജിഡിപിയുടെ ഒരുശതമാനത്തിലും അധികമാണിത്.

ലോകത്തിലെ ഓരോ ജീവിക്കും വളരെ ആവശ്യമായ ജലം ഇല്ലെങ്കിൽ ഈ ഭൂമിയെന്താകും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഭൂമിയിലെ സമുദ്രങ്ങളിലും മറ്റ് ജലസ്രോതസുകളിലുമുള്ള വെള്ളം ചൂടേറ്റ് നീരാവിയായി മാറിയാൽ കടുത്ത ഈർപ്പം അന്തരീക്ഷത്തിൽ നിറയും. ഇങ്ങനെ ഈർപ്പമുണ്ടാകുമ്പോൾ നമുക്ക് ശ്വസിക്കാനും കാഴ്‌ചയ്‌ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാകും.

അമിതമായി ജലം നീരാവിയായാൽ അവശേഷിക്കുന്ന ജലത്തിന് രൂക്ഷഗന്ധമാകും ഉണ്ടാകുക. മാത്രമല്ല. കാഴ്‌ചമറയ്‌ക്കും പോലെ നീരാവി കാരണം ഭൂമിയിലെ അന്തരീക്ഷം ചൂടാകുകയും കെട്ടിടങ്ങൾക്കടക്കം തീപിടിക്കുകയും ചെയ്യും. ഇത് തുടർന്നാൽ ധ്രുവപ്രദേശങ്ങളിലെ വമ്പൻ മഞ്ഞുപാളികൾ അലിഞ്ഞുപോകുകയും അത് സമുദ്രങ്ങളിലെ ജലനിരപ്പുയരാൻ ഇടയാകുകയും ചെയ്യും. വൈകാതെ ഈ പ്രക്രിയ തുടരുമ്പോൾ ജലം കടുത്ത ഉപ്പുവെള്ളമായി മാറുകയും അതിനുപിന്നാലെ നീരാവിയായി പോകുകയും ചെയ്യും. ജലം ഇല്ലാതാകുമ്പോൾ മനുഷ്യവാസം അസാദ്ധ്യമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ നിലവിൽ ഇതിനുള്ള സാദ്ധ്യതകൾ വിരളമാണെന്നത് ആശ്വാസകരമാണ്.

വേൾഡ് റിസോഴ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തിയ വെളിപ്പെടുത്തലനുസരിച്ച് 2040ഓടെ ലോകത്തിലെ വലിയ രാജ്യങ്ങൾക്കെല്ലാം ശുദ്ധജല ക്ഷാമം വരാം. അറബ് രാജ്യങ്ങളിലും ആഫ്രിക്കയുടെ അറേബ്യൻ നാടുകളോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലും 80 ശതമാനത്തോളം ശുദ്ധജല ക്ഷാമം വരാം. ഇന്ത്യ, ചൈന, അമേരിക്ക,ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കയടക്കം നിരവധി രാജ്യങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ ജലക്ഷാമം പിടിപെടാം. എന്നാൽ ഇക്കാലത്തും ബ്രസീൽ, മ്യാൻമാർ, മഡഗാ‌സ്‌കർ, ഐസ്‌ലന്റ് അടക്കം ഒരുപിടി രാജ്യങ്ങൾക്ക് ജലക്ഷാമം അനുഭവിക്കേണ്ടി വരില്ല.

ലോകത്ത് ജലക്ഷാമം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം എന്നാൽ ലോകജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് ജലം മലിനമാകുന്നതിനും അളവ് കൂടും. ശുദ്ധജല ലഭ്യതയ്‌ക്കായി മനുഷ്യർ പുരോഗമിക്കുന്നതിനനുസരിച്ച് മികച്ച മാതൃകകൾ സൃഷ്‌ടിച്ചാൽ വർഷം 1.4 മില്യൺ ജനങ്ങളുടെ ജീവൻ രക്ഷിക്കാനും അതുവഴി സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Advertisement
Advertisement