കരിക്കിനുള്ളിൽ കാട നിറച്ച് മൈദ ഒട്ടിച്ച് ഒരു സൂപ്പർ വിഭവം; ഇളനീർ കാടഫ്രൈയുമായി ഫിറോസ് ചുട്ടിപ്പാറ

Monday 24 June 2024 2:38 PM IST

വ്യത്യസ്തമായ രുചികളും പാചകരീതികളും അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. ഫിറോസിന്റെ വില്ലേജ് ഫുഡ് ചാനലിന് 8.25 മില്യൺ സബ്‌സ്‌ക്രൈബർമാരാണുള്ളത്. വിദേശത്ത് വച്ച് അനാകോണ്ട അടക്കമുള്ളവയെ പാചകം ചെയ്തും ഫിറോസ് ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫിറോസിന്റെ മറ്റൊരു വ്യത്യസ്‌ത വിഭവം ശ്രദ്ധനേടുകയാണ്.

ഇളനീർ കരിക്ക് കാടഫ്രൈയാണ് ഇത്തവണ ചുട്ടിപ്പാറ തയ്യാറാക്കുന്നത്. ആദ്യം കരിക്കിന്റെ മുൻഭാഗം വെട്ടി വെള്ളം മാറ്റണം. ശേഷം തൊലികളഞ്ഞ് വൃത്തിയാക്കിവച്ചിരിക്കുന്ന കാട നന്നായി കഴുകിയെടുക്കണം. ഇതിലേയ്ക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, പാകത്തിന് ഉപ്പ്, സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിയില, നാരങ്ങാനീര്, കുറച്ച് വെളിച്ചെണ്ണ എന്നിവചേർത്ത് യോജിപ്പിക്കണം. ഇത് അര മണിക്കൂർ മാറ്റിവയ്ക്കണം.

ഇനി ഓരോ കരിക്കിനുള്ളിലും രണ്ടോ മൂന്നോ കാട വീതം നിറയ്ക്കണം. ഇതിനുമുകളിലായി ഇലവച്ചതിനുശേഷം മൈദകൊണ്ട് അടച്ചുവയ്ക്കാം. അടുത്തതായി തീകൂട്ടി ഗ്രിൽവച്ച് അതിനുമുകളിലായി കരിക്കുകൾ നിരത്തിവയ്ക്കണം. കരിക്കുകൾ നന്നായി കരിഞ്ഞുതുടങ്ങുന്നതുവരെ തീയിൽ വയ്ക്കണം. ശേഷം പുറത്തെടുത്ത് ഉള്ളിലുള്ള കാടഫ്രൈ മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റാം. നല്ല രുചിയേറിയ ഗ്രേവിയോടുകൂടിയ കാടഫ്രൈ തയ്യാറായി.

Advertisement
Advertisement