''കുഞ്ചാക്കോ ബോബനെ ഉദ്ഘാടനത്തിന് വിളിക്കാൻ വീട്ടിൽ പോയ ആൾക്കുണ്ടായ അനുഭവം''

Monday 24 June 2024 3:22 PM IST

നമ്മുടെ താരങ്ങൾക്ക് സിനിമയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വരുമാനം ഉദ്‌ഘാടനങ്ങളിൽ നിന്ന് കിട്ടാറുണ്ട്. സൂപ്പർ താരങ്ങൾ മുതൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുള്ളവർക്ക് വരെ ഉദ്‌ഘാടനങ്ങളുടെ ചാകരയാണ്. സൽമാൻ ഖാൻ മുതൽ റിയാലിറ്റി ഷോകളിൽ പ്രശസ്‌തരായവർ വരെ ഉദ്‌ഘാടകരായി എത്തിയ അവസരങ്ങൾ നമ്മൾ സോഷ്യയൽ മീഡിയ നിരവധി കണ്ടിട്ടുണ്ട്.

അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഉദ്‌ഘാടനത്തെ കുറിച്ച് പറയുകയാണ് ഹരി പത്തനാപുരം. കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ മാതാവുമാണ് ഹരിയുടെ കഥയിലെ കഥാപാത്രങ്ങൾ.

''അഞ്ചൽ എന്ന സ്ഥലത്ത് ഒരു മനുഷ്യൻ, അദ്ദേഹം ലോണൊക്കെ എടുത്ത് ഒരു സ്റ്റുഡിയോ തുടങ്ങാൻ തീരുമാനിച്ചു. 1997 ആണ് കാലഘട്ടം. സ്‌റ്റുഡിയോ ആരെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കും എന്നതായിരുന്നു പലരുടേയും ചോദ്യം. അക്കാലത്താണ് അനിയത്തി പ്രാവ് ഇറങ്ങിയത്. സിനിമയും നായകൻ കുഞ്ചാക്കോ ബോബനും ഹിറ്റായ നിൽക്കുന്ന കാലം. കുഞ്ചാക്കോ ബോബനാണ് ഉദ്‌ഘാടനം ചെയ്യാൻ പോകുന്നതെന്ന് സ്‌റ്റുഡിയോ ഉടമ ചോദിക്കുന്നവരോടെല്ലാം പറഞ്ഞു. പലരും അത് വിശ്വസിക്കാതെ കളിയാക്കി. അക്കാലത്ത് മനോരാജ്യം എന്ന മാഗസിനിൽ കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ സഹിതം പ്രിന്റ് ചെയ‌്തുവന്നു. ഇദ്ദേഹം നമ്പരിലേക്ക് വിളിച്ചു.

ഫോൺ എടുത്തത് താരത്തിന്റെ അമ്മയായിരുന്നു. അയാൾ കാര്യം പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് സ്‌റ്റുഡിയോ ഇട്ടതെന്നും, കുഞ്ചാക്കോ ബോബനെ കൊണ്ട് ഉദ്‌ഘാടനം ചെയ്യാനാണ് ആഗ്രഹമെന്നൊക്കെ. ചാക്കോച്ചന്റെ അമ്മ ആദ്യം അക്കാര്യം ബുദ്ധിമുട്ടാണെന്നൊക്കെ അറിയിച്ചെങ്കിലും സ്‌റ്റുഡിയോക്കാരൻ വിട്ടില്ല. ഒടുവിൽ ചാക്കോച്ചനുള്ള ദിവസം വീട്ടിലേക്ക് വരാൻ പറഞ്ഞു. അതനുസരിച്ച് ഇദ്ദേഹം പോയി. ചെന്നപ്പോൾ കുഞ്ചാക്കോ ബോബൻ വീട്ടിലുണ്ടായിരുന്നില്ല. അയാൾ തന്റെ പ്രശ്നങ്ങൾ മുഴുവൻ ചാക്കോച്ചന്റെ അമ്മയോട് പറഞ്ഞു. അപ്പോഴേക്കും ചാക്കോച്ചൻ എത്തി.

''മോനെ ഇദ്ദേഹത്തിന്റെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്. ഒരു സ്റ്റുഡിയോ നിന്നെ കൊണ്ട് ഉദ്‌ഘാടനം ചെയ്യിക്കാനാണ് വന്നത്. നീ അത് ചെയ‌്തുകൊടുക്കണം''-ചാക്കോച്ചനോട് അമ്മ പറഞ്ഞു. തിരക്കുകളുണ്ടെന്നും ഒരു ശനിയാഴ്‌ച മാത്രമേ ഒഴിവുള്ളൂവെന്നും ചാക്കോച്ചൻ അമ്മയെ അറിയിച്ചു. സാരമില്ല എങ്ങിനെയെങ്കിലും നീ അത് ചെയ്യണമെന്നായി അമ്മ. ഒടുവിൽ അദ്ദേഹം സമ്മതം മൂളി.

എന്നാലും ദിവസം ശനിയാഴ്‌ച ആയതുകൊണ്ട് അമ്മയ‌്ക്ക് ഒരു വിഷമം. അവർ ചാക്കോച്ചനോട് പറഞ്ഞു, നീ പോകുമ്പോൾ വഴിയിലുള്ല കുരിശടിയിൽ മെഴുകുതിരി കത്തിച്ചിട്ടു പോകൂ, അദ്ദേഹം നന്നായി വരട്ടെ. ചാക്കോച്ചൻ അപ്രകാരം ചെയ്യുകയും, ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ സ്‌റ്റുഡിയോ ഉദ്‌ഘാടനം നടത്തുകയും ചെയ്‌തു''.