മദ്യപാനികള്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ്, ശീലത്തിന്റെ പേരില്‍ തിരുത്താതിരിക്കുന്നത് അപകടം

Monday 24 June 2024 6:51 PM IST

മദ്യപാനം ചിലര്‍ക്കെങ്കിലും ഒരിക്കലും ഒഴിവാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരു ശീലമാണ്. മദ്യപിച്ച് ആരോഗ്യവും സമ്പത്തും ജീവിതവും നശിപ്പിക്കുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും. മദ്യം കഴിക്കാതെ ഒരു ദിവസം ആരംഭിക്കാന്‍ പോലും കഴിയാത്ത അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടവരും കുറവല്ല. മദ്യപാനം തെറ്റാണെന്നല്ല പക്ഷേ നിയന്ത്രണത്തിന്റെ കാര്യത്തിലെ ചെറിയ തെറ്റ് പോലും ജീവിതത്തെ തകിടം മറിച്ചേക്കാം. പറഞ്ഞുവരുന്നത് മദ്യപാനികള്‍ സ്ഥിരമായി വരുത്തുന്ന ഒരു തെറ്റിനെക്കുറിച്ചാണ്.

അത് ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണ്. ഭൂരിഭാഗം മദ്യപാനികളും മദ്യം കഴിച്ചതിന് ശേഷമാണ് ആഹാരം കഴിക്കുന്നത്. ഇത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്. ആമാശയത്തിലൂടെയും ചെറുകുടലിലൂടെയുമാണ് മദ്യം നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ വയറ്റില്‍ ആഹാരമില്ലെങ്കില്‍ മദ്യം രക്തത്തിലേക്ക് പ്രവേശിക്കുന്നതിന്റെ വേഗത വര്‍ദ്ധിക്കും. ഇതുകൊണ്ടുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണെന്നാല്‍ വയറ്റില്‍ ആഹാര പദാര്‍ത്ഥങ്ങളൊന്നും ഇല്ലെങ്കില്‍ മദ്യപാനം നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടാകും. മദ്യപിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്.

ഇതുകൊണ്ടുള്ള ഗുണങ്ങളും വളരെ കൂടുതലാണ്. ഭക്ഷണം കഴിച്ച ശേഷം മദ്യപിച്ചാല്‍ വയറ്റില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണത്തിലെ ജലാംശം മദ്യത്തെ നേര്‍പ്പിക്കുന്നു. അതോടൊപ്പം തന്നെ വയറ്റിലുള്ള ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും കൊഴുപ്പും നാരുകളും ചേര്‍ന്ന് മദ്യത്തിന്റെ വീര്യം കുറയ്ക്കും എന്നതാണ് രണ്ടാമത്തെ കാര്യം. അതോടൊപ്പം തന്നെ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനും ധാതുക്കളും ചേര്‍ന്ന് ശരീരത്തിലെ മദ്യത്തിന്റെ അളവും കുറയ്ക്കും.

മദ്യം കഴിക്കുമ്പോള്‍ തീര്‍ച്ചയായിട്ടും ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ട്. ഉപ്പിലിട്ട ലഘുഭക്ഷണങ്ങള്‍ മദ്യത്തോടൊപ്പം കഴിച്ചാല്‍ അത് ദാഹം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ മദ്യപാനികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് മദ്യം കഴിക്കുന്നതിന് മുമ്പ് ജലാംശം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുകയെന്നതാണ്. ഇത് മദ്യത്തിന്റെ വീര്യം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.

(മുന്നറിയപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Advertisement
Advertisement