പട്ടാപ്പകൽ വീട്ടിൽ മോഷണം: 10 പവൻ സ്വർണവും പണവും നഷ്ടമായി മോഷ്ടാവ് മുഴുവൻ തുകയും സ്വർണവും കൊണ്ടുപോയില്ല

Tuesday 25 June 2024 1:27 AM IST

ചെറുവത്തൂർ: പട്ടാപ്പകൽ വീട്ടിൽ മോഷണം. മത്സ്യ തൊഴിലാളിയായ കാടങ്കോട് നെല്ലിക്കാലിലെ സി.വി.ഷാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. 10 പവനും, 25,000 രൂപയും മോഷണം പോയതായി പരാതി. ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അലമാരയിൽ സൂക്ഷിച്ച പണം നഷ്ടമായത് ഷാജിയുടെ ശ്രദ്ധയിൽ പെട്ടതോടെ അടുത്ത മുറിയിൽ മേശവലിപ്പിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് ഏതാനും സ്വർണാഭരണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. അലമാരയിൽ ഉണ്ടായ 50,000 രൂപയിൽ 25,000 രൂപ നഷ്ടപ്പെട്ടു. സ്വർണാഭരണങ്ങളിൽ നിന്ന് ഒരു താലിമാല, ഒരു വള, രണ്ട് കൈ ചെയിൻ, രണ്ട് അരഞ്ഞാണം എന്നിവയും നഷ്ടമായി. ഏതാനും സ്വർണാഭരണങ്ങൾ ബാഗിൽ തന്നെ കിടപ്പുണ്ട്. മേശ വിരിപ്പിനടിയിൽ സൂക്ഷിച്ച താക്കോൽ എടുത്താണ് മേശ തുറന്നതെന്നും, വെള്ളിയാഴ്ച പകൽ സമയത്താണ് മോഷണം നടന്നതെന്നുമാണ് വീട്ടുകാർ കരുതുന്നത്. മത്സ്യ കച്ചവടക്കാരനായ ഷാജി ഈ സമയത്ത് മടക്കര തുറമുഖത്തായിരുന്നു. ഹരിതകർമ സേനാംഗമായ ഭാര്യ എം.പ്രിയദർശിനി ജോലിയുമായി ബന്ധപ്പെട്ട് പുറത്തും, വിദ്യാർത്ഥികളായ രണ്ടു മക്കൾ സ്കൂളിലും പോയിരുന്നു. വീട്ടിന്റെ മുൻഭാഗത്തെ വാതിലും, പിറകിൽ അടുക്കള ഭാഗത്തെ ഗ്രിൽസും പൂട്ട് ഉപയോഗിച്ച് ഈ ദിവസം പൂട്ടിയില്ല എന്ന് പറയുന്നു. ചന്തേര പൊലീസിൽ പരാതി നൽകി.