വീട് കുത്തിത്തുറന്ന് കവർച്ച; 38 പവനും പതിനാറായിരം രൂപയും നഷ്ടമായി

Tuesday 25 June 2024 12:29 AM IST

പട്ടാമ്പി: മരുതൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച. 38 പവനും പതിനാറായിരം രൂപയും മോഷണംപോയി. മരുതൂർ പുലാശ്ശേരിക്കര അബൂബക്കറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വീട്ടുകാർ കഴിഞ്ഞ ദിവസം ചികിത്സാർത്ഥം ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നിട്ടുള്ളത്. ഞായറാഴ്ച രാവിലെ ജോലിക്കാരി വന്നു നോക്കിയപ്പോഴാണ് വാതിൽ കുത്തിതുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് 38 പവനും 16000 രൂപയും മോഷണം പോയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ഉച്ചയോടെ ഷൊർണൂർ ഡിവൈ.എസ്.പി പി.സി.ഹരിദാസിന്റെ നേതൃത്വത്തിൽ പട്ടാമ്പി പൊലീസ്, ഡോഗ് സ്‌ക്വാഡ് വിരലടയാള വിദഗ്ധർ തുടങ്ങിയവർ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. മണം പിടിച്ച പൊലീസ് നായ പുലാശ്ശേരിക്കര പാടം വരെപോയി തിരിച്ചുവന്നു. സ്വർണവും പണവും സൂക്ഷിച്ച ഇരുമ്പ് അലമാര തകർത്താണ് മോഷണം നടത്തിയിട്ടുള്ളതെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരായ ജോബി സെബാസ്റ്റ്യൻ, റഷീദലി, അബ്ദുൾ റഷീദ്, മിജേഷ്, സജിത്ത് എന്നിവരടങ്ങുന്ന സ്‌പെഷ്യൽ സ്‌ക്വാഡ് കേസ് അന്വേഷിക്കും. പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ കെ.ബി. ഷൈജു, എസ്.ഐ. പ്രിയൻ മറ്റു പൊലീസ് ഉദ്യോഗസ്ഥരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement
Advertisement