'കേരള വേണ്ട"; 'കേരളം മതി" നിയമസഭ പ്രമേയം പാസാക്കി

Tuesday 25 June 2024 12:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ 'കേരളം" എന്നാക്കാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
മലയാളത്തിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാണ്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ 'കേരള" എന്നാണുള്ളത്. ഇത് 'കേരളം" എന്നാക്കി ഭേദഗതി ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
വിഷയത്തിൽ, 2023 ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി സഭയിലവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസായിരുന്നു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികകളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള" എന്നതിനു പകരം 'കേരളം' എന്നാക്കുന്നതിന് നടപടിയെടുക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന പേരിന്റെ ഭേദഗതിക്ക് ഭരണഘടനയുടെ ഒന്നാം പട്ടിക മാത്രം ഭേദഗതി ചെയ്താൽ മതിയെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. ഇതേത്തുടർന്നാണ് പുതുക്കിയ പ്രമേയം അവതരിപ്പിച്ചത്.

Advertisement
Advertisement