എല്ലാ കാര്യങ്ങളും എസ്.എഫ്.ഐക്ക് മനസിലായിക്കാണില്ല:മന്ത്രി ശിവൻകുട്ടി

Tuesday 25 June 2024 1:29 AM IST

തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് വിഷയത്തിൽ എസ്.എഫ്.ഐയുടെ സമരം തെറ്റിദ്ധാരണ കൊണ്ടാണോ എന്ന വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസിലാവണമെന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി. എല്ലാ കാര്യങ്ങളും അവർ മനസിലാക്കിയോ എന്നറിയില്ല. താൻ രണ്ടു തവണ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റും ഒരു തവണ സെക്രട്ടറിയുമായിരുന്നു. വിദ്യാർത്ഥികളുടെ വികാരം മനസിലാവും. അവർ ചർച്ചയ്ക്കു തയ്യാറാവണമെന്നാണ് അഭ്യർത്ഥന.

എസ്.എഫ്.ഐയെ പരിഹസിച്ചില്ല:മന്ത്രി

അതേസമയം വാർത്താസമ്മേളനത്തിൽ താൻ എസ്.എഫ്‌.ഐയെ പരിഹസിച്ചെന്ന ചാനൽ വാർത്തകൾ ശുദ്ധനുണയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പറഞ്ഞു. കെ.എസ്.യുക്കാർ കരിങ്കൊടി കാണിച്ചതിനെക്കുറിച്ച് സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ? ചെയ്‌തോട്ടെ. ഇത്രയും ദിവസം സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരമൊക്കെ ചെയ്ത് ഒന്ന് ഉഷാറായി വരട്ടെന്ന് എന്നാണ് താൻ പറഞ്ഞത്. ഇതാണ് എസ്.എഫ്.ഐയ്‌ക്കെതിരെ താൻ പറഞ്ഞതെന്ന് വളച്ചൊടിച്ചത്- മന്ത്രി പറഞ്ഞു.

Advertisement
Advertisement