ബസിലും വിമാനത്തിലും പറ്റും പക്ഷേ ട്രെയിനില്‍ പറ്റില്ല, റെയില്‍വേക്ക് അത് മാറ്റാനും കഴിയില്ല

Monday 24 June 2024 11:01 PM IST

ഒരു യാത്രയില്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ടാകും. അത് ഒരു ദീര്‍ഘദൂരയാത്രയാണെങ്കില്‍ അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ഒരു കാര്യമാണ് ഇഷ്ടപ്പെട്ട സീറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുകയെന്നത്. ഒരു ബസിലോ വിമാനത്തിലോ ആണ് യാത്രയെങ്കില്‍ തീര്‍ച്ചയായും നമുക്ക് ഇഷ്ടപ്പെട്ട സീറ്റ് ഒഴിവുണ്ടെങ്കില്‍ നമുക്ക് അത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തിരഞ്ഞെടുക്കാന്‍ കഴിയും എന്നാല്‍ ട്രെയിനില്‍ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ ഒരിക്കലും സീറ്റ് മാപ്പില്‍ നിന്ന് ഇഷ്ടപ്പെട്ടത് നോക്കി തിരഞ്ഞെടുക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ഇതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എത്ര പണം നല്‍കിയാലും ട്രെയിനില്‍ ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഏത് തരം സീറ്റ് അല്ലെങ്കില്‍ ബെര്‍ത്ത് വേണം എന്ന് ഓപ്ഷന്‍ നല്‍കാമെങ്കിലും അതും ലഭിക്കുമെന്ന് ഉറപ്പില്ല ട്രെയിനില്‍. ഇതിന് പിന്നില്‍ ഒരു കാരണം ഉണ്ടെന്നത് പക്ഷേ അധികം ആര്‍ക്കും അറിയില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രെയിനില്‍ ഈ സൗകര്യം ഒഴിവാക്കിയിരിക്കുന്നത്. ബസില്‍ നിന്നും വിമാനത്തില്‍ നിന്നും വ്യത്യസ്തമായി സീറ്റുകളുടെ എണ്ണം കൂടുതലാണെന്നത് തന്നെയാണ് പ്രധാനപ്പെട്ട കാരണം.

ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. സുരക്ഷയും സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനായി യാത്രക്കാരുടെ ഭാരം അതിന്റെ കോച്ചുകളിലുടനീളം തുല്യമായി വിതരണം ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒന്നിലധികം കോച്ചുകളുള്ള, ഓരോന്നിനും 72 സീറ്റുകളുള്ള ഒരു ട്രെയിന്‍ സങ്കല്‍പ്പിക്കുക. നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ട്രെയിനിലുടനീളം സമതുലിതമായ വിതരണം നേടുന്നതിന് തന്ത്രപരമായി സീറ്റുകള്‍ അനുവദിക്കുന്നു.

സാധാരണയായി സിസ്റ്റത്തിന്റെ അല്‍ഗരിതം ട്രെയിനിന്റെ മദ്ധ്യത്തില്‍ നിന്ന് അറ്റത്തേക്ക് സീറ്റുകള്‍ നിറയ്ക്കാന്‍ തുടങ്ങുന്നു. ഇത് എല്ലാ കോച്ചുകള്‍ക്കിടയിലും തുല്യ ഭാര വിതരണം ഉറപ്പാക്കുന്നു. എന്തുകൊണ്ടാണ് ഇത്രയും സൂക്ഷ്മമായ ആസൂത്രണം എന്നാണ് നിങ്ങള്‍ ചിന്തി ക്കുന്നതെങ്കില്‍, ഉത്തരം ലളിതമാണ്. തുല്യമായി വിതരണം ചെയ്യപ്പെട്ട ലോഡ് പാളം തെറ്റാനുള്ള സാധ്യത കുറയ്ക്കും. കൂടാതെ വളവുകളിലും, ബ്രേക്കുകള്‍ പ്രയോഗിക്കുമ്പോഴും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കും.

ഭാരം കൃത്യമായി വിതരണം ചെയ്യപ്പെട്ടില്ലെങ്കില്‍, ചലന സമയത്ത് ട്രെയിനിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ശക്തി അനുഭവപ്പെടും. ഇതു തീവണ്ടിയുടെ സ്ഥിരത ഇല്ലാതാക്കും. ചിലപ്പോഴെങ്കിയും നിങ്ങള്‍ ചില കോച്ചുകളില്‍ സീറ്റുകള്‍ കാലിയായി കിടക്കുന്നതു കാണാനുള്ള കാരണവും ഇതുതന്നെ.

Advertisement
Advertisement