ഗാസയിലെ 'തീവ്രഘട്ടം" അവസാനത്തിലേക്ക്, ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഹിസ്ബുള്ള

Tuesday 25 June 2024 7:21 AM IST

ടെൽ അവീവ് : ഗാസയിൽ ഹമാസിനെതിരെയുള്ള പോരാട്ടത്തിന്റെ 'തീവ്രഘട്ടം " ഏകദേശം അവസാനിക്കാറായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതിനാൽ കൂടുതൽ സൈന്യത്തെ വടക്കൻ ഇസ്രയേലിലെ ലെബനൻ അതിർത്തിയിൽ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

തെക്കൻ ഗാസയിലെ കരദൗത്യം വൈകാതെ പൂർത്തിയാക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഇതിന്റയൊക്കെ അർത്ഥം യുദ്ധം അവസാനിക്കുക എന്നല്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും.

ഹമാസിന്റെ പിടിയിലുള്ള 116 ബന്ദികളുടെ മോചനത്തിന് താത്കാലിക കരാറിന് തയാറാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. കരാർ അംഗീകരിക്കണമെങ്കിൽ സ്ഥിരമായ വെടിനിറുത്തലും ഇസ്രയേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റവും വേണമെന്നാണ് ഹമാസിന്റെ നിലപാട്. ഗാസയിൽ ഇതുവരെ 37,590 ലേറെ പേർ കൊല്ലപ്പെട്ടു.

ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച നാൾ മുതൽ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള വടക്കൻ ഇസ്രയേലിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 25 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 400ലേറെ പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്.

 സഹായകേന്ദ്രത്തിൽ ആക്രമണം: 8 മരണം

ഗാസ സിറ്റിയിൽ യു.എന്നിന്റെ നേതൃത്വത്തിൽ സഹായ വിതരണ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ട്രെയിനിംഗ് കോളേജിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. എന്നാൽ ഇത് ഹമാസിന്റെ കേന്ദ്രമായിരുന്നെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസിന്റെ ആയുധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ഒരു ഉന്നത കമാൻഡറെ ഇസ്രയേൽ ഇന്നലെ വധിച്ചു.

Advertisement
Advertisement