റഷ്യയിൽ ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു പള്ളികൾക്കും സിനഗോഗുകൾക്കും നേരെ വെടിവയ്പ്
മോസ്കോ: റഷ്യയിലെ നോർത്ത് കോകസസ് മേഖലയിലെ ഡാഗെസ്താനിൽ വിവിധയിടങ്ങിളിലുണ്ടായ ഭീകരാക്രമണത്തിൽ ഓർത്തഡോക്സ് പുരോഹിതനും 15 പൊലീസുകാരും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. 46 പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ പള്ളികൾക്കും സിനഗോഗുകൾക്കും (ജൂത ദേവാലയം) പൊലീസ് പോസ്റ്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. ആറ് തീവ്രവാദികളെ വധിച്ചതായി റഷ്യൻ പൊലീസ് അറിയിച്ചു.
മുഖം മൂടി ധരിച്ച തീവ്രവാദികൾ ആരാധനാലയങ്ങൾക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നു. ഡാഗെസ്താനിലെ ഏറ്റവും വലിയ നഗരമായ മഖാച്‌കാലയിലും തീരദേശ നഗരമായ ഡെർബെന്റിലും ഒരേ സമയമായിരുന്നു ആക്രമണം.
കാസ്പിയൻ കടൽത്തീരത്ത് അസർബൈജാൻ, ജോർജിയ എന്നിവയുമായി അതിർത്തി പങ്കിടുന്ന റഷ്യൻ റിപ്പബ്ലിക്കാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഡാഗെസ്താൻ. ഈസ്റ്റേൺ ഓർത്തഡോക്സ് വിശ്വാസികളുടെ പെന്തകോസ്ത് ദിനാഘോഷത്തിനിടെയായിരുന്നു ആക്രമണം.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്നും അവരുടെ ലക്ഷ്യം അറിയാമെന്നും ഡാഗെസ്താൻ ഗവർണർ സെർജി മെലികോവ് പ്രതികരിച്ചു.
സംഭവത്തിൽ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ഡാഗെസ്താനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വിനോദ പരിപാടികൾ റദ്ദാക്കി. മാർച്ചിൽ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ സംഗീത പരിപാടിക്കിടെയുണ്ടായ ഐസിസ് ഭീകരാക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവിച്ചത്
മഖാച്‌കാലയിലും ഡെർബെന്റിലും പ്രാദേശിക സമയം, ഞായറാഴ്ച വൈകിട്ട് 6 നായിരുന്നു (ഇന്ത്യൻ സമയം രാത്രി 8.30 ) ആക്രമണം
ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെ വരെ തുടർന്നു
ഡെർബെന്റിൽ രണ്ട് പള്ളികളും മഖാച്‌കാലയിൽ ഒരു പൊലീസ് പോസ്റ്റും ആക്രമിക്കപ്പെട്ടു
രണ്ട് നഗരങ്ങളിലും ഓരോ സിനഗോഗുകളിൽ വീതം വെടിവയ്പ്
ഐസിസ് ?
അക്രമികൾക്ക് ഒരു അന്താരാഷ്ട്ര ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് റഷ്യ പറയുന്നു. ഐസിസ് ആകാമെന്ന് റിപ്പോർട്ടുണ്ട്. ഡാഗെസ്താനിലെ സെർഗോകലിൻസ്കി ജില്ലയുടെ തലവൻ മാഗൊമെദ് ഒമറോവിന്റെ രണ്ട് മക്കളും അക്രമികളിലുണ്ടായിരുന്നു. മാഗൊമെദിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുക്രെയിന് ആക്രമണത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം.
2007നും 2017നും ഇടയിൽ നോർത്ത് കോകസസ് കേന്ദ്രീകരിച്ചുള്ള ഭീകര ഗ്രൂപ്പായ കോകസസ് എമിറേറ്റ് ഡാഗെസ്താനിൽ വ്യാപക ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്
മാർച്ചിൽ മോസ്കോയിലെ ഒരു സിനഗോഗിനെ ആക്രമിക്കാനുള്ള ഐസിസ് പദ്ധതി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി ) തകർത്തിരുന്നു