ജൂലിയൻ അസാഞ്ചിന് അമേരിക്ക ജാമ്യം അനുവദിച്ചു, ഓസ്ട്രേലിയയിലേക്ക് മടങ്ങി

Tuesday 25 June 2024 9:22 AM IST

ന്യൂയോർക്ക്: സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളിലൂടെ അമേരിക്കൻ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിന് ജാമ്യം. തനിക്ക് സ്വാതന്ത്ര്യം അനുവദിക്കുകയാണെങ്കിൽ യുഎസ് കോടതിയിൽ കുറ്റമേൽക്കാമെന്ന് അസാൻജ് സമ്മതിച്ചതുകൊണ്ടാണ് ജയിൽമോചനം സാദ്ധ്യമായതെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാന്‍ജ് ഓസ്ട്രേലിയയിലേക്കു മടങ്ങി.

2019 ഏപ്രിൽ മുതൽ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു ജൂലിയൻ അസാൻജ് കഴിഞ്ഞിരുന്നത്. യുഎസ് സര്‍ക്കാരിന്റെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം.

അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടതോടെയാണ് അസാഞ്ച് ലോകശ്രദ്ധ നേടിയത്. 2010-ന്റെ അവസാനത്തോടെ മൂന്നുലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് ഇപ്രകാരം വിക്കി ലീക്‌സ് പുറത്തുവിട്ടത്. അമേരിക്കന്‍ എംബസികള്‍ വഴി ചാരപ്രവര്‍ത്തനം നടത്തിയെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇങ്ങനെ പുറത്തുവന്നത്.

യുഎസിനു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ അസാഞ്ചിനെതിരായി പുറത്തുവരികയും ചെയ്തു. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെട്ടത്. ഇതോടെ അസാഞ്ചിനെ ശത്രു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുവാനും അദ്ദേഹത്തെ പിടികൂടുവാനും അമേരിക്ക ശ്രമങ്ങളാരംഭിച്ചു.

അമേരിക്ക, ഓസ്ട്രേലിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിച്ചു. മാത്രമല്ല ഫേസ്ബുക്ക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വീസ, മാസ്റ്റർകാർഡ് തുടങ്ങിയവ വിക്കിലീക്സിനെതിരെ സേവന നിരോധനങ്ങൾ നടപ്പിലാക്കി.

അസാഞ്ചിനെതിരെ സ്വീഡനിൽ ലൈംഗികാരോപണം ഉയർന്നതോടെ അവിടെ ജയിലിൽ അടക്കാനുള്ള ശ്രമവും ഉണ്ടായി. പല രാജ്യങ്ങളിലായി അഭയം തേടിയ അസാഞ്ചിനെ 2019 ഏപ്രിലിൽ ഇക്വഡോർ എംബസിയിൽനിന്നാണ് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് 17 കേസുകളാണ് അദ്ദേഹം യു.എസില്‍ നേരിടുന്നത്.

Advertisement
Advertisement