പഴയ പണി നടക്കില്ല, ചിക്കനും ഫിഷ് കബാബും വിളമ്പുമ്പോൾ ശ്രദ്ധിച്ചോളൂ; പുതിയ നീക്കത്തിന് പിന്നിൽ ഒരു കാരണമുണ്ട്

Tuesday 25 June 2024 10:08 AM IST

ബംഗളൂരു: ഭക്ഷണങ്ങൾക്ക് കൃത്രിമ നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് ചിക്കൻ, ഫിഷ് കബാബ് തുടങ്ങിയ വിഭവങ്ങളിൽ നിറത്തിനായി അനിയന്ത്രിതമായി രാസവസ്തുക്കൾ ചേർക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടതിനെതുടർന്നാണിത്. ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.

നിയമം പാലിക്കാത്ത വ്യാപാരികൾക്ക് ഏഴ് വർഷം വരെ ജയിൽ ശിക്ഷയും പത്ത് ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം വിൽക്കുന്ന കബാബുകളിൽ കൃത്രിമ നിറം ചേർക്കുന്നുവെന്ന വ്യാപക പരാതികളെ തുടർന്നാണിത്. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കബാബുകളുടെ 39 സാമ്പിളുകൾ പരിശോധിച്ചതിൽ പലതിലും സൺസെ​റ്റ് യെല്ലോ, കാർമോയിസിൻ പോലുളള രാസവസ്തുക്കളുടെ അംശം കണ്ടെത്തി.

ഭക്ഷ്യവകുപ്പ് 2011ൽ പുറത്തിറക്കിയ ചട്ടപ്രകാരം കബാബുകളിൽ കൃത്രിമ നിറം ചേർക്കുന്നത് പൂർണമായും വിലക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ കർണാടകയിൽ ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി തുടങ്ങിയ വിഭവങ്ങളിൽ കൃത്രി നിറം ചേർക്കുന്നതും വിലക്കിയിരുന്നു. പ്രധാനമായും കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയെ തുടർന്നായിരുന്നു.

Advertisement
Advertisement