യാത്രക്കാർ കാത്തിരുന്ന സർപ്രൈസ് സ്വാതന്ത്ര്യ ദിനത്തിൽ ട്രാക്കിലിറങ്ങും; ആദ്യ സർവീസ് ഏറ്റവും തിരക്കുള്ള റൂട്ടിൽ

Tuesday 25 June 2024 11:41 AM IST

ന്യൂഡൽഹി: യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ. ദിവസങ്ങൾക്ക് മുമ്പാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടത്തെക്കുറിച്ചുള്ള കാര്യങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പുറത്തുവിട്ടത്. ദീർഘദൂര യാത്രകൾക്കായി സജ്ജമാക്കിയ ട്രെയിനിൽ അത്യാധുനിക സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളുടെ അവസാനഘട്ട നിർമ്മാണം ബംഗളൂരുവിലാണ് പുരോഗമിക്കുന്നത്. പുതിയ സ്ലീപ്പർ കോച്ചുകളുടെ വരവോടെ ദീർഘദൂരത്തേക്ക് ആഡംബര യാത്ര സാദ്ധ്യമാകും. ഇപ്പോഴിതാ വന്ദേഭാരത് എപ്പോൾ സർവീസ് നടത്തുമെന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് സർവീസ് നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫ്ളാഗ് ഓഫ് ചടങ്ങ് നിർവഹിക്കുക. ആദ്യ സർവീസ് ഏറ്റവും തിരക്കുള്ള ഡൽഹി-മുംബയ് റൂട്ടിലായിരിക്കും. ഏറ്റവും കൂടുതൽ യാത്രക്കാരും റിസർവേഷനുമുള്ള റൂട്ടുകളിൽ ഒന്നാണിത്. യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ, ട്രെയിനുകൾ ഈ റൂട്ടിൽ പലപ്പോഴും നിറഞ്ഞിരിക്കുന്നതിനാൽ, നിരവധി യാത്രക്കാർക്ക് റിസർവേഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്.

അതുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്താൻ റെയിൽവെ തീരുമാനിക്കുന്നത്. ഭോപ്പാൽ, സൂറത്ത് വഴിയായിരിക്കും മുംബയിലേക്കുള്ള സർവീസ്. ദിവസങ്ങൾക്ക് മുമ്പാണ് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ട്രെയിനുകൾ ട്രാക്കിലിറങ്ങുമെന്നാണ് മന്ത്രി അറിയിച്ചത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനം അവലോകനം ചെയ്യാൻ ഈ വർഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവിലെ പ്രൊഡക്ഷൻ സൈറ്റ് സന്ദർശിച്ചിരുന്നു.

16 കോച്ചുകൾ
ആഡംബര സൗകര്യങ്ങളോടെ 16 കോച്ചുകളാണ് സ്ലീപ്പർ ട്രെയിനുകളിലുള്ളത്. ഇതിൽ പത്ത് കോച്ചുകൾ തേഡ് എസിയായിരിക്കും. നാല് കോച്ചുകൾ സെക്കൻഡ് എസിയും ഒരു കോച്ച് ഫസ്റ്റ് എസിയുമായിരിക്കും. റെയിൽവെ പറയുന്നത് അനുസരിച്ച് ആദ്യ ഘട്ടത്തിൽ 130 കിലോ മീറ്റർ വേഗത്തിൽ വന്ദേഭാരത് സഞ്ചരിക്കും. പിന്നീട് വേഗത 160 മുതൽ 220 കിലോ മീറ്റർ വരെ വർദ്ധിപ്പിക്കുമെന്നും റെയിൽവെ വ്യക്തമാക്കുന്നു.

Advertisement
Advertisement